അഫ്ഗാനില്‍ ഐഎസിനെതിരെ അമേരിക്ക പ്രയോഗിച്ചത് ‘ബോംബുകളുടെ മാതാവി’നെ; കൊല്ലപ്പെട്ടവരില്‍ മലയാളി ഭീകരരും: ബോംബിങ്ങിനെ അഭിനന്ദിച്ച് ‘നയം വ്യക്തമാക്കി’ ട്രംപ്

single-img
14 April 2017

വാഷിങ്ടണ്‍: ഐഎസിനെതിരെയുള്ള ആക്രമണത്തിന്റെ ഭാഗമായി വ്യാഴാഴ്ച രാത്രി യുഎസ് സൈന്യം അഫ്ഗാന്‍ അതിര്‍ത്തിയില്‍ പ്രയോഗിച്ചത് ‘എല്ലാ ബോംബുകളുടെയും മാതാവ്’ (Mother of All Bombs) എന്നറിയപ്പെടുന്ന ജിബിയു43 (GBU43) എന്ന ഭീമന്‍ ബോംബ്. ബോംബാക്രമണത്തില്‍ കേരളത്തില്‍ നിന്ന് ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട ഇരുപതോളം പേര്‍ കൊല്ലപ്പെട്ടതായി സംശയം. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മാസീവ് ഓര്‍ഡനന്‍സ് എയര്‍ ബ്ലാസ്റ്റ് ബോംബ് (MOAB) എന്നതാണ് ഈ ബോംബിന്റെ യഥാര്‍ത്ഥ പേര്. ലോകത്ത് ഇതുവരെ പ്രയോഗിക്കപ്പെട്ടതില്‍ ഏറ്റവും വലിയ ആണവേതര ബോംബാണിത്.11 ടണ്‍ ആണ് ജിബിയു43ന്റെഭാരം. ജിപിഎസ് അധിഷ്ഠിതമായാണ് ബോംബ് പ്രവര്‍ത്തിക്കുന്നത്. 20 അടി നീളമുള്ള ബോംബിന് പൊട്ടുന്നതിന് മുമ്പേ ഭൂമിയ്ക്കടിയിലേക്ക് 200 അടിയും കോണ്‍ക്രീറ്റ് പ്രതലത്തില്‍ 60 അടിയും തുളച്ചുകയറാനുള്ള കഴിവുണ്ട്. ഇത് ബോംബിന്റെ പ്രഹരശേഷി വര്‍ധിപ്പിക്കുന്നു.

ലോക്ക്ഹീഡ് എംസി143 എന്ന വിമാനമാണ് അഫ്ഗാനിസ്ഥാനില്‍ ബോംബിട്ടത്.ബോംബാക്രമണം വിജയകരമായിരുന്നെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിട്ടുണ്ടെങ്കിലും നാശനഷ്ടങ്ങള്‍ എത്രമാത്രമാണെന്ന
കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഏറ്റവും വലിയ ബോംബിന്റെ പ്രയോഗത്തില്‍ സൈന്യത്തെ അഭിനന്ദിക്കാനും ട്രംപ് മറന്നില്ല.

2003ല്‍ ഇറാഖ് യുദ്ധത്തിന്റെ സമയത്താണ് യുഎസ് സൈന്യം ജിബിയു43 വികസിപ്പിക്കുന്നത്. ഭീമന്‍ ബോംബിന്റെ ആദ്യ പരീക്ഷണ പ്രയോഗത്തില്‍ ഉയര്‍ന്ന പുകപടലം 32 കിലോമീറ്റര്‍ അകലെവരെ ദൃശ്യമായിരുന്നെന്ന് യുഎസ് വ്യോമസേന വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

‘ബോംബുകളുടെ മാതാവി’നെ യുഎസ് വികസിപ്പിച്ചിട്ട് ഒന്നര പതിറ്റാണ്ട് ആയെങ്കിലും ചൈനയടക്കമുള്ള രാജ്യങ്ങള്‍ക്ക് ഇന്നുവരെ ഇതിനു സമാനമായ ഒരു ആയുധം വികസിപ്പിക്കാനായിട്ടില്ല.എന്നാല്‍, അമേരിക്കയുടെ എക്കാലത്തെയും വലിയ എതിരാളികളായ റഷ്യ ഇക്കാര്യത്തില്‍ അമേരിക്കയെ കടത്തിവെട്ടി.

വികസിപ്പിക്കുന്ന സമയത്ത് ലോകത്തെ ഏറ്റവും വലിയ ആണവേതര ആയുധമെന്ന വിശേഷണം ജിബിയു43ന് സ്വന്തമായിരുന്നെങ്കിലും ഇപ്പോള്‍ ഈ വിശേഷണം ഇതിനേക്കാള്‍ നാലിരട്ടി പ്രഹര ശേഷിയുള്ള ഏവിയേഷന്‍ തെര്‍മോബാറിക് ബോംബ് ഓഫ് ഇന്‍ക്രീസ്ഡ് പവര്‍ (Aviation Thermobaric Bomb of Increased Power) എന്ന റഷ്യന്‍ ബോംബിനാണ്. ‘ബോംബുകളുടെ പിതാവ്’ എന്നാണ് ഇത് അറിയപ്പെടുന്നത്.