ഇത്തവണ പണമില്ലാത്ത വിഷുവും ഈസ്റ്ററും; സംസ്ഥാനത്തെ ഭൂരിഭാഗം എടിഎമ്മുകളും കാലി

single-img
12 April 2017

വിഷു, ഈസ്റ്റര്‍ ആഘോഷക്കാലത്ത് പണം ആവശ്യത്തിനു പണം കിട്ടാതായതോടെ ജനം വലയുന്നു. സംസ്ഥാനത്തെ 40 ശതമാനം എടിഎമ്മുകളിലും പണമില്ല. പുത്തന്‍ തലമുറകളിലെ ചല ബാങ്കുകള്‍ എടിഎം ഇടപാട് സ്വന്തം അക്കൗണ്ട് ഉടമകള്‍ക്കായി പരിമിതപ്പെടുത്തിയതോടെ കടുത്ത നോട്ടു ക്ഷാമമാണ് സംസ്ഥാനം നേരിടുന്നത്.

ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് സംസ്ഥാനത്തിന്റെ കറന്‍സി ക്വാട്ട കുറച്ചതോടെയാണ് സംസ്ഥാനത്ത് നോട്ടുക്ഷാമം രൂക്ഷമായത്. കേരളത്തിന് റിസര്‍വ് ബാങ്ക് നല്‍കേണ്ട കറന്‍സി വിഹിതത്തില്‍ 25 ശതമാനമാണ് കുറവ് വരുത്തിയത്.

നോട്ട് അസാധുവാക്കലിന് മുമ്പുണ്ടായിരുന്നതിനെക്കാള്‍ 26 ശതമാനം കുറവ് നോട്ടുകളേ ഇപ്പോഴുള്ളൂവെന്നാണ് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. നോട്ടുക്ഷാമം രാജ്യവ്യാപകമായി ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. മാര്‍ച്ച് 31-നുള്ള കണക്കനുസരിച്ച് രാജ്യത്ത് 13.35 ലക്ഷം കോടിയുടെ നോട്ടുകള്‍ മാത്രമാണ് വിനിമയത്തിലുള്ളത്. കഴിഞ്ഞവര്‍ഷം നവംബറില്‍ ഇത് 17.97 ലക്ഷം കോടിയായിരുന്നു.

നോട്ടുനിരോധനത്തോടെ ഏര്‍പ്പെടുത്തിയരുന്ന കറന്‍സി
നിയന്ത്രണങ്ങള്‍ നീക്കിയതോടെ രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകളും കുറഞ്ഞു. ആര്‍ബിഐ കണക്കുപ്രകാരം പിഒഎസ് യന്ത്രങ്ങളിലൂടെയുള്ള കാര്‍ഡ് ഇടപാട് 2016 ഡിസംബറില്‍ ഇത് 89,180 കോടി രൂപയിലെത്തിയിരുന്നു. ഇത് പക്ഷേ ഫെബ്രുവരിയില്‍ 64,200 കോടി രൂപയായി താഴ്ന്നു. കോടതി ഉത്തരവ് പ്രകാരം ബിവറേജസിന്റെ ഔട്ട്‌ലെറ്റുകള്‍ പൂട്ടിയത് പണലഭ്യത കുറച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

എടിഎം ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഒഴിവാക്കാന്‍ ഒറ്റയടിക്ക് പണം കൂടുതലായി പിന്‍വലിക്കുന്നു. ഇത് എ.ടി.എമ്മുകള്‍ വേഗത്തില്‍ കാലിയാകാനിടയാക്കുന്നു. മാത്രമല്ല, ഓണ്‍ലൈന്‍ ഇടപാടുകള്‍ കൂടുമെന്ന പ്രതീക്ഷകള്‍ക്കും ഇത് തിരിച്ചടിയാണ്. പുതിയനോട്ടുകള്‍ വന്നശേഷം ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നത് കുറഞ്ഞു. നിരീക്ഷിക്കപ്പെടുമെന്ന ഭയവും പിന്‍വലിക്കുന്നതിന് സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തിയതും ബാങ്കില്‍ പണമിടുന്നതിനെ നിരുത്സാഹപ്പെടുത്തുന്നു.