കുല്‍ഭൂഷണ്‍ ഇന്ത്യയുടെ മകന്‍; രക്ഷിക്കാന്‍ ഏതറ്റം വരേയും പോകുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്

single-img
11 April 2017

ന്യൂഡല്‍ഹി: പാകിസ്താനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദിനെ രക്ഷിക്കാന്‍ ഏതറ്റം വരേയും പോകുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. കുല്‍ഭൂഷണ്‍ ഇന്ത്യയുടെ മകനാണ്. അദ്ദേഹത്തെ മോചിപ്പിക്കാന്‍ നിയമം വിട്ടും പ്രവര്‍ത്തിക്കുമെന്നും സുഷമ സ്വരാജ് പറഞ്ഞു. ഈ സാഹചര്യത്തില്‍ ചാരനെന്ന് മുദ്രകുത്തി വധശിക്ഷയുമായി മുന്നോട്ട് പോകാനാണ് പാക് സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും സുഷമ സ്വരാജ് മുന്നറിയിപ്പ് നല്‍കി.

ആസൂത്രിതമായ കൊലപാതകമായി മാത്രമേ കുല്‍ഭൂഷണെതിരായ നടപടി കാണാനാകൂ. പാക് സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ട് പോയാലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കും. ഇരു രാജ്യങ്ങള്‍ക്ക് ഇടയിലേയും ബന്ധം വഷളാകുമെന്നും സുഷമ സ്വരാജ് മുന്നറിയിപ്പ് നല്‍കി. രാജ്യസഭയിലാണ് സുഷമ സ്വരാജ് രാജ്യത്തിന്റെ നയം വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാണെന്നും കുല്‍ഭൂഷണെ രക്ഷിക്കാന്‍ ഏതറ്റം വരേയും പോകുമന്നും വിദേശകാര്യ മന്ത്രി ഉറപ്പ് നല്‍കി.പാകിസ്താനില്‍ കുല്‍ഭൂഷണ്‍ ജാദവിനായി അഭിഭാഷകരെ ഏര്‍പ്പാടാക്കുമെന്നും കോടതി വിധിയില്‍ അപ്പീല്‍ പോകാനുള്ള ശ്രമം നടത്തുമെന്നും സുഷമ സ്വരാജ് രാജ്യസഭയില്‍ പറഞ്ഞു.

അതേസമയം നീതിയുടേയും നിയമത്തിന്റെയും അടിസ്ഥാനതത്വങ്ങള്‍ പോലും കാറ്റില്‍ പറത്തുന്നതാണ് നടപടി കുല്‍ഭൂഷണ്‍ യാദവിന് നീതി ലഭിക്കാനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും രാജ്നാഥ് സഭക്ക് ഉറപ്പ് നല്‍കി. ജാദവിനെ രക്ഷിക്കാനായി വിഷയത്തില്‍ പ്രധാനമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് നേരത്തേ കോണ്‍ഗ്രസ് ആവശ്യപ്പട്ടിരുന്നു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ചാരപ്രവൃത്തി ആരോപിച്ച് കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്താന്‍ പിടികൂടിയത്. പട്ടാളക്കോടതി ഇദ്ദേഹത്തെ വധശിക്ഷക്ക് വിധിച്ച കാര്യം ഇന്നലെ ഒരു പത്രക്കുറിപ്പിലൂടെയാണ് പാകിസ്താന്‍ പുറത്തുവിട്ടത്. തങ്ങള്‍ക്ക് ഇതേക്കുറിച്ച് ഔദ്യോഗിക വിശദീകരണമൊന്നും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കുന്നു.