യോഗി ആദിത്യനാഥിന്റെ ഇറച്ചിക്കട പൂട്ടലും കൂട്ടത്തില്‍ മദ്യനിരോധനവും; ഉത്തര്‍പ്രദേശിനെ കാത്തിരിക്കുന്നത് അതിരൂക്ഷമായ തൊഴിലില്ലായ്മ: ബാധിക്കപ്പെടുന്നതിലേറെയും സാധാരണക്കാര്‍

single-img
9 April 2017

യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരും കോടതിയും തങ്ങളുടെ തീരുമാനങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ ഉത്തര്‍പ്രദേശില്‍ ഉടലെടുക്കുന്നത് അതിരൂക്ഷമായ തൊഴിലില്ലായ്മയാണെന്നു റിപ്പോര്‍ട്ടുകള്‍. ഹൈവേയോരത്തെ മദ്യവില്‍പന നിരോധിച്ചു കൊണ്ടുള്ള സുപ്രീം കോടതിയുടെ ഉത്തരവും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടപ്പിലാക്കിയ അറവുശാലകള്‍ക്കേര്‍പ്പെടുത്തിയ നിരോധനവുമെല്ലാം ഉത്തര്‍പ്രദേശിനെ പ്രതിസന്ധിയിലാക്കുകയാണ്. സര്‍ക്കാരിന്റെയും കോടതിയുടെയും നിയമങ്ങള്‍ നടപ്പിലാക്കപ്പെടുമ്പോള്‍ വലയുന്നത് ഉത്തര്‍പ്രദേശിലെ സാധാരണക്കാരാണെന്നുള്ളതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഏറ്റവും കുറഞ്ഞത് ഒരു ദശലക്ഷം തൊഴിലുകള്‍ നഷ്ടപ്പെടുത്താന്‍ പോന്നതാണ് ഹൈവേയോരത്തെ മദ്യവില്‍പനശാലകള്‍ നിരോധിച്ചു കൊണ്ടുള്ള സുപ്രീം കോടതിയുടെ ഉത്തരവെന്നാണ് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പറയുന്നത്. ഏറ്റവുമധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഹോട്ടല്‍, ടൂറിസം മേഖലകളെയാണ് ഈ ഉത്തരവ് ബാധിക്കുക എന്നും അദ്ദേഹം പറയുന്നുണ്ട്.

ലൈസന്‍സില്ലാത്ത അറവുശാലകള്‍ അടുച്ചുപൂട്ടുമെന്ന നയത്തില്‍ നിന്നും എല്ലാ അറവുശാലകളും അടച്ച് പൂട്ടുന്ന സ്ഥിയിലേക്ക് നീങ്ങുകയായിരുന്നു ആദിത്യനാഥും ബിജെപിയുമെല്ലാം. അറവുശാലകള്‍ അടച്ചു പൂട്ടുന്നത് പ്രധാനമായും മൂന്ന് തൊഴില്‍ സാഹചര്യങ്ങളെയാണ് ബാധിക്കുക. ഇറച്ചി പായ്ക്കിംഗ്, ഇറച്ചിക്കായി കന്നുകാലി വളര്‍ത്തല്‍, തുകല്‍ എന്നീ മേഖലകള്‍ ഒറ്റയടിയ്ക്കാണ് തകരുന്നത്. മദ്യ-ഇറച്ചി വ്യവസായങ്ങളുടെ തകര്‍ച്ചയിലേക്ക് നയിക്കുന്ന തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അതിന്റെ വരും വരായ്കകളെക്കുറിച്ച് ചിന്തിക്കാതെയുള്ള കോടതിയുടെയും സര്‍ക്കാരിന്റെയും ഈ പോക്കെങ്ങോട്ടാണെന്നും അമിതാഭ് ചോദിക്കുന്നു.

ഹൈവേകളെ ഡീ നോട്ടിഫൈ ചെയ്യുന്ന തരത്തിലുള്ള പോംവഴികള്‍ ഉപയോഗിച്ച് കോടതി ഉത്തരവിനെ മറികടക്കാന്‍ സര്‍ക്കാരുകള്‍ പദ്ധതിയിടുന്നുണ്ടെങ്കിലും നിലവിലുള്ള സാഹചര്യത്തിനെ നേരിടാന്‍ എത്രത്തോളം ഫലപ്രദമാകും അതെന്ന് കണ്ടറിയണം. രാജ്യമൊട്ടാകെയുള്ള വിനോദസഞ്ചാര മേഖലയെ ബാധിക്കുന്ന ഒന്നാണ് ഹൈവേകളിലെ മദ്യനിരോധനം. ഉത്തര്‍പ്രദേശിലെ അറവുശാലകളുടെ കാര്യത്തിലും മൊത്തം അഭ്യന്തര ഉല്‍പാദനം കണക്കാക്കുമ്പോള്‍ ദേശീയ അളവിലായിരിക്കും അത് ബാധിക്കുക.

നഗരപരിസരത്തിലൂടെ കടന്നു പോകുന്ന ഹൈവേയോരത്തെ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ‘ഡ്രൈ’ ആകുമ്പോള്‍ ഇതില്‍ എന്ത് യുക്തിയാണുള്ളതെന്ന് ബിജെപി എംപി ആയ കിരണ്‍ ഖേറു പോലും അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയില്‍ തൊഴിലില്ലായ്മയ്ക്ക് രണ്ടാം സ്ഥാനത്തുള്ള ഉത്തര്‍പ്രദേശിനെ ദേശീയശരാശരിയേക്കാള്‍ കൂടുതല്‍ തൊഴിലില്ലായ്മ എന്ന നിലയിലേക്ക് എത്തിക്കുകയാണോ ബിജെപി സര്‍ക്കാര്‍ ചെയ്യുന്നതെന്നാണ് പ്രമുഖരില്‍ നിന്നുമുയരുന്ന ചോദ്യം.