മുഖ്യമന്ത്രി ഉദ്ഘാടനം നടത്തുന്നതിനു മുമ്പ് സമാന്തര ഉദ്ഘാടനം നടത്താനെന്ന പ്രചരണം; ഏനാത്ത് ബെയ്‌ലി പാലം സന്ദര്‍ശിക്കാനെത്തിയ കൊടിക്കുന്നില്‍ സുരേഷ് എംപിയെ നാട്ടുകാര്‍ തടഞ്ഞു

single-img
9 April 2017

പത്തനംതിട്ട: ഏനാത്ത് ബെയ്‌ലി പാലം സന്ദര്‍ശിക്കാനെത്തിയ കൊടിക്കുന്നില്‍ സുരേഷ് എംപിയെ തടഞ്ഞു. പാലത്തിന്റെ സമാന്തര ഉദ്ഘാടനം നടത്തുകയാണെന്ന അഭ്യൂഹം പ്രചരിച്ചതിനെ തുടര്‍ന്നാണ് പോലീസ് എംപിയെ തടഞ്ഞത്. ഇതിനെ തുടര്‍ന്ന് പാലത്തിന് 50 മീറ്റര്‍ അകലെ പോലീസ് കയറുകെട്ടി തിരിച്ചിരുന്ന ഭാഗത്ത് എത്തി പാലം വീക്ഷിച്ച ശേഷം കൊടിക്കുന്നില്‍ മടങ്ങുകയുണ്ടായി.

കഴിഞ്ഞ ദിവസം ഉച്ചക്ക് 12 മണിയോടെയാണ് കൊടിക്കുന്നില്‍ അനുയായികളുമായി ഏനാത്ത് എത്തിയത്. എംപി യെ അറിയിക്കാതെ ഉദ്ഘാടനം തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് സമാന്തര ഉദ്ഘാടനത്തിന് കൊടിക്കുന്നില്‍ സുരേഷ് എത്തുമെന്ന വാര്‍ത്ത പ്രചരിച്ചതോടെ തടയാന്‍ ഇടതു യുവജനസംഘടനകളും തയ്യാറെടുത്തു. ഇതോടെ സ്ഥലത്ത് സംഘര്‍ഷ സാധ്യതയായി. ഇതിനെ തുടര്‍ന്ന് ഇരുകരകളിലും പോലീസിനെ വിന്യസിക്കുകയും ആളുകള്‍ കടക്കാതിരിക്കാന്‍ പാലത്തില്‍ ബാരിക്കേഡ് ഉയര്‍ത്തുകയും ചെയ്തു.

അപകടത്തിലായ ഏനാത്ത് പാലത്തിന് പകരം 36 മണിക്കൂര്‍ കൊണ്ടാണ് പട്ടാളം ബെയ്‌ലി പാലം നിര്‍മ്മിച്ചത്. 180 അടി നീളവും പത്തടി ഒന്‍പതിഞ്ച് വീതിയും 18 ടണ്‍ ഭാരവുമുള്ള പാലത്തിന്റെ നിര്‍മ്മാണം തിങ്കളാഴ്ച വെളുപ്പിന് അഞ്ചിനാണ് തുടങ്ങിയത്. വൈകീട്ട് ആറോടുകൂടി പാലം ഇരുകരകളുമായി ബന്ധിപ്പിച്ചു. ക്രെയിനിന്റെ സഹായത്തോടെ യോജിപ്പിച്ച ബെയ്‌ലി പാനലുകള്‍ വീല്‍ബാറിലൂടെ മറുകരയിലെ തൂണിലേക്ക് തള്ളിനീക്കി ബന്ധിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ടോടെ വാഹനങ്ങള്‍ പോകാനുള്ള പ്‌ളാറ്റ്‌ഫോമുകള്‍ പൂര്‍ത്തീകരിച്ചു.പട്ടാളവാഹനമോടിച്ച് പാലത്തിന്റെ ഉറപ്പ് പരിശോധനകളും നടത്തി.

മദ്രാസ്14 എന്‍ജിനീയറിങ് റെജിമെന്റിലെ 50 സൈനികരാണ് ബെയ്‌ലി പാലം നിര്‍മ്മിച്ചത്. കമാന്‍ഡിങ് ഓഫീസര്‍ നീരജ് മാത്തൂരും മലയാളിയായ കേണല്‍ അനുഷ് കോശിയും നേതൃത്വം നല്‍കി. തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയനാണ് പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്.