ഭരണകൂടം പുലര്‍ത്തുന്ന നീതികരിക്കാനാകാത്ത ഇരട്ടത്താപ്പു നിറഞ്ഞ സമീപനത്തില്‍ പ്രതിഷേധിച്ച് ആദ്യ പേജില്‍ കറുപ്പടിച്ച് മംഗളം ദിനപത്രം

single-img
6 April 2017

തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെ ഫോണ്‍കെണിയില്‍ കുടുക്കിയ കേസില്‍ ചാനല്‍ മേധാവിയെയും ജീവനക്കാരെയും അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ആദ്യ പേജില്‍ കറുപ്പടിച്ച് മംഗളത്തിന്റെ പ്രതിഷേധം. മംഗളം ടെലിവിഷന്‍, പത്രം എന്നിവയോട് ഭരണകൂടം പുലര്‍ത്തുന്ന നീതികരിക്കാനാകാത്ത ഇരട്ടത്താപ്പു നിറഞ്ഞ സമീപനത്തില്‍ പ്രതിഷേധിക്കുന്നു എന്ന ആമുഖത്തോടെയാണ് ഇന്നിറങ്ങിയ മംഗളം ദിനപത്രത്തിന്റെ വ്യത്യസ്ഥ എഡിറ്റോറിയല്‍.

വര്‍ത്തമാനകാലത്തെ കാര്യങ്ങളാണ് വാര്‍ത്ത എന്നിരിക്കെ, സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും എതിരെയുളള അതിക്രമങ്ങളുടെ ആസുരകാലത്ത് ഒരു ഭരണാധികാരിയുടെ മനോഭാവം, പെരുമാറ്റം എന്നിവ പച്ചയ്ക്ക് പുറത്തുകൊണ്ടുവന്ന മംഗളം ടെലിവിഷന്‍, പത്രം എന്നിവയോട് ഭരണകൂടം പുലര്‍ത്തുന്ന നീതികരിക്കാനാകാത്ത ഇരട്ടത്താപ്പു നിറഞ്ഞ സമീപനത്തില്‍ പ്രതിഷേധിക്കുന്നു എന്ന കുറിപ്പിനു താഴെയാണ് ഒന്നാം പേജില്‍ മംഗളം കറുപ്പടിച്ചിരിക്കുന്നത്.

തങ്ങള്‍ക്കെതിരായ നീക്കങ്ങള്‍ക്ക് പിന്നില്‍ സര്‍ക്കാരിന്റെയും മറ്റു മാധ്യമങ്ങളുടെ ഗൂഢാലോചനയാണെന്ന് ആരോപിച്ച് മംഗളം ഇന്നലെയും രംഗത്തെത്തിയിരുന്നു. ശശീന്ദ്രനെതിരായ ടെലിഫോണ്‍ സംഭാഷണം പുറത്തുവിട്ടതില്‍ സര്‍ക്കാര്‍ പകവീട്ടുകയാണ്. ഇതിന് മറ്റു മാധ്യമങ്ങള്‍ പിന്തുണക്കുകയാണെന്നും മംഗളം പറഞ്ഞു. മുമ്പ് നടത്തിയ പല സ്റ്റിങ് ഓപ്പറേഷനുകളും മാധ്യമസ്വാതന്ത്ര്യമായി അംഗീകരിച്ച ഇടതുമുന്നണി ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റിനാണ് നേതൃത്വം നല്‍കിയതെന്നും മംഗളം കുറ്റപ്പെടുത്തി്. കൂടാതെ മുഖ്യമന്ത്രിയുടെ വിയോജിപ്പ് മറികടന്നായിരുന്നു പോലീസിന്റെ നീക്കമെന്നും മംഗളം ആരോപിച്ചു. തങ്ങളെ കുരിശിലേറ്റാന്‍ ശ്രമിച്ചതിന് പിന്നില്‍ മാധ്യമ സിന്‍ഡിക്കേറ്റാണെന്ന വാദവും മംഗളം ഉയര്‍ത്തിയിരുന്നു.

മംഗളം ചാനലിന്റെ ലോഞ്ചിനോട് അനുബന്ധിച്ചാണ് മന്ത്രിയുടേതെന്ന പേരില്‍ ചാനല്‍ ഫോണ്‍ സംഭാഷണം പുറത്ത് വിട്ടത്. പരാതി പറയാനെത്തിയ വീട്ടമ്മയോട് മന്ത്രിയുടെ സംഭാഷണം എന്ന പേരിലായിരുന്ന ചാനല്‍ വാര്‍ത്ത. എന്നാല്‍ വാര്‍ത്തയ്‌ക്കെതിരെ പ്രതിഷേധം ശക്തമായപ്പോള്‍ വീട്ടമ്മയല്ല ചാനല്‍ പ്രവര്‍ത്തകയാണ് വാര്‍ത്തയ്ക്ക് പിന്നില്ലെന്ന് ചാനല്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. ചാനലിനെതിരായ കേസില്‍ മംഗളം സി.ഇ.ഒ അജിത്കുമാര്‍ അടക്കം അഞ്ച് പേരെ 14 ദിവസത്തേക്ക് ഇന്നലെ കോടതി റിമാന്റ് ചെയ്തിരിരുന്നു. സിഇഒഅജിത് കുമാര്‍, എം.ബി സന്തോഷ്, ഫിറോസ് സാലി മുഹമ്മദ്, എസ്.വി പ്രദീപ്, കെ ജയചന്ദ്രന്‍ എന്നിവരാണ് റിമാന്‍ഡില്‍ കഴിയുന്നത്.