ചൈനയ്ക്കെതിരായ നയതന്ത്ര ആയുധമായി തന്നെ ഇന്ത്യ  ഉപയോഗിച്ചിട്ടില്ലെന്ന് ദലൈലാമ

single-img
6 April 2017

ബോംദിലിയ: ചൈനയ്ക്കെതിരായ നയതന്ത്ര ആയുധമെന്ന നിലയില്‍ ഇന്ത്യ തന്നെ ഉപയോഗിച്ചിട്ടില്ലെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. സ്വാതന്ത്ര്യമല്ല, അര്‍ഥപൂര്‍ണമായ സ്വയംഭരണാവകാശമാണ് ചൈനയില്‍ നിന്നും ടിബറ്റന്‍ ജനത ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചൈനയ്ക്കെതിരായ നയതന്ത്ര നീക്കങ്ങള്‍ക്ക് ഇന്ത്യ ദലൈലാമയെ ഉപയോഗിക്കുന്നുവെന്ന ചൈനീസ് മാധ്യമങ്ങളുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ദലൈലാമയുടെ വിശദീകരണം. പരമ്പരാഗത ഇന്ത്യന്‍ ചിന്തകളുടെയും മൂല്യങ്ങളുടെയും സന്ദേശ വാഹകനാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ ഒരിക്കലും നയതന്ത്ര തലത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ എന്നെ ഉപയോഗിച്ചിട്ടില്ല. അഹിംസ, കരുണ, മതസൗഹാര്‍ദ്ദം തുടങ്ങിയ ഭാരതീയ ദര്‍ശനങ്ങളെക്കുറിച്ച് എല്ലായ്‌പ്പോഴും സംസാരിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്, ദലൈലാമ പറഞ്ഞു.

എന്നും ചൈന്ക്കൊപ്പം തന്നെ നിലകൊള്ളാനാണ് ടിബറ്റ് താല്‍പര്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധി ചൈനക്കാര്‍ ഇന്ത്യയെ സ്‌നേഹിക്കുന്നുണ്ട്. ചൈനീസ് രാഷ്ട്രീയക്കാര്‍ തന്നെ ഒരു ദുര്‍ഭൂതത്തെപ്പോലെയാണു കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ചൈനയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ച് ഒന്‍പതു ദിവസത്തെ സന്ദര്‍ശനത്തിനും മതപരമായ ചടങ്ങുകള്‍ക്കുമാണ് ദലൈലാമ അരുണാചലില്‍ എത്തിയിരിക്കുന്നത്.