ഭരിക്കാനറിയില്ലെങ്കില്‍ പുറത്തുപോണം സഖാവേ; പിണറായി വിജയന്റെ ഫേസ്ബുക്ക് പേജില്‍ പാര്‍്ടി അനുഭാവികളുള്‍പ്പെടെയുള്ളവരുടെ പൊങ്കാല

single-img
5 April 2017

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മയെ മര്‍ദ്ദിക്കുകയും അറസ്റ്റുചെയ്യുകയും ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയയും. എവിടെ ജനാധിപത്യം, എവിടെ നീതി എന്നു ചോദിച്ചുകൊണ്ടുള്ള കമന്റുകളാണ് ആഭ്യന്തര വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പേജില്‍ എത്തുന്നത്.

പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പൊലീസ് അന്വേഷണം അട്ടിമറിച്ചുവെന്നാരോപിച്ച് അന്ശ്ചിതകാല സമരം പോലീസ് തടഞ്ഞു. ജിഷ്ണുവിന്റെ അമ്മ മഹിജയേയും ബന്ധുക്കളേയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധത്തിനിടെ തളര്‍ന്നു വീണ ജിഷ്ണുവിന്റെ അമ്മയെ പൊലീസ് നിലത്തുകൂടി ബലം പ്രയോഗിച്ച് വലിച്ചഴക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പിണറായി വിജയനേയും പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയേയും രൂക്ഷമായി വിമര്‍ശിക്കുകയും ജിഷ്ണുവിന്റെ അമ്മയെ അനുകൂലിച്ചുകെണ്ടുമുള്ള ഹാഷ്് ടാഗുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഇടതു പക്ഷ മനസ്സുള്ളവര്‍ എല്ലാം ഇന്ന് നിരാശരാണ്, ലജ്ജിച്ചു തല താഴ്ത്തുകയാണ്, പാര്‍ട്ടി അംഗങ്ങള്‍ അല്ലാത്ത ലക്ഷ കണക്കിന് അനുഭാവികളാണ് പാര്‍ട്ടിയുടെ കരുത്തു എന്ന് മറക്കാതിരുന്നെങ്കില്‍ എന്നിങ്ങനെയുള്ള കമന്റുകളും പേജില്‍ കാണാം. പോലീസിനെ വേണ്ടവിധം നിയന്ത്രിക്കാന്‍ കഴിവില്ലാത്ത ഒരു ഇടതു ഭരണം ഭരണമല്ലെന്നും വെമൂലക്കുവേണ്ടി നമ്മള്‍ ഉയര്‍ത്തിയ പ്രധിഷേധം വ്യാജമായിരുന്നെന്നു തോന്നിപ്പോകുന്നുവെന്നും ചിലര്‍ പറയുന്നു.

വീഴ്ച പറ്റി എന്നു ഏറ്റു പറഞ്ഞിട്ട് കാര്യമില്ല. 57ല്‍ സഖാവ് ഇ എം എസ് പറഞ്ഞ നയമെങ്കിലും നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍, ഓരോ ദിനവും നിരാശ മാത്രം നല്‍കുന്നെന്നും ആര്‍ക്ക് വേണ്ടിയാണ് സഖാവെ ജിഷ്ണുവിന്റ അമ്മയെ വലിച്ചിഴച്ചത്, സാക്ഷര കേരളം ലജ്ജിക്കുന്നു തുടങ്ങി പിണറായി സര്‍ക്കാരില്‍ അര്‍പ്പിച്ച വിശ്വാസം നഷ്ടപ്പെട്ട രീതിയിലാണ് കമന്റുകള്‍. പിണറായി വിജയന്‍ ഫേസ് ബുക്കിലിട്ട പോസ്റ്റിനു താഴെ പ്രതിഷേധമറിയിച്ചുള്ള നിരവധി കമന്റുകള്‍ വന്നുകൊണ്ടിരിക്കുകയാണ്.

പോലീസ് മേധാവി സ്ഥാനം ഒഴിയുക, വീഴ്ചയില്‍ നിന്നും വീഴ്ചയിലേക്ക് പോലീസിനെ നയിച്ചു സര്‍ക്കാരിനെ പ്രധിരോധത്തിലാക്കുകയും ദുരൂഹ സാഹചര്യത്തില്‍ മകന്‍ മരിച്ച ഒരമ്മയുടെ കണ്ണുന്നീര്‍ കാണാതെ അവരെ ഉപദ്രവിയ്ക്കുകയും ചെയ്ത പോലീസ് മേധാവി ഉത്തരവാദിത്ത്വം ഏറ്റെടുത്തു രാജി വെയ്ക്കുക തുടങ്ങിയ ആവശ്യങ്ങളും പേജില്‍ കമന്റുകളായി നിറയുന്നുണ്ട്. ഉള്ളതില്‍ ഉപയോഗയോഗ്യമായ ഏതെങ്കിലും ചങ്കുപയോഗിച്ച് ബഹ്‌റയെ പൂട്ടിക്കോളാനും ഇല്ലെങ്കില്‍ അയാള്‍ ഈ സര്‍ക്കാരിന്റെ അടിവേരറക്കുമെന്നുമുള്ള മുന്നറിയിപ്പുകളുമുണ്ട്.