ബിവറേജസിന്റെ തിരക്കിൽ വരനും സംഘവും പോയ വാഹനം കുടുങ്ങി;മുഹൂർത്തം കഴിഞ്ഞതോടെ ജോത്സ്യന്റെ നിർദ്ദേശപ്രകാരം പുതിയ മുഹൂർത്തം കുറിച്ചു;കഞ്ഞിക്കുഴിയിലെ ഒരു വിവാഹത്തെ സുപ്രീംകോടതി വിധി ബാധിച്ചത് ഇങ്ങനെ

single-img
3 April 2017

മാരാരിക്കുളം: ബിവറേജസ്‌ വില്‍പ്പനശാലയില്‍ മദ്യം വാങ്ങാനെത്തിയവരുടെ തിരക്കുമൂലം റോഡില്‍ ഗതാഗത സ്‌തംഭനം. വിവാഹസംഘത്തിന്റെ വാഹനം ഇതിനിടയില്‍ കുടുങ്ങിയതോടെ താലികെട്ടിന്റെ മുഹൂര്‍ത്തം കഴിഞ്ഞു. വരന്റെ ബന്ധുക്കള്‍ ജ്യോത്സ്യനെ സമീപിച്ച്‌ പുതിയ മുഹൂര്‍ത്തം കുറിപ്പിച്ച്‌ വിവാഹം നടത്തി. മുഹമ്മ കഞ്ഞിക്കുഴി റോഡില്‍ കണ്ണാടിക്കവലയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റിനു മുന്നിലെ തിരക്കാണ് വിവാഹം മുടങ്ങലിന്റെ വക്കോളമെത്തിച്ചത്. മൂന്നര കിലോമീറ്ററോളം നീണ്ട ക്യൂവും ഇതുമൂലമുണ്ടായ തിരക്കും നിയന്ത്രിക്കാന്‍ പോലീസിന് ലാത്തി വീശേണ്ടിവന്നു.

ആലപ്പുഴ നഗരത്തില്‍ വിദേശമദ്യശാലകള്‍ ഇല്ലാതായി. പുന്നമടയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മാത്രമാണു ബാര്‍ പ്രവര്‍ത്തിക്കുന്നത്. ഇതോടെയാണ് മുഹമ്മയിലെ ബിവറേജസ് ഔട്ട്‌ലെറ്റില്‍ ഇന്നലെ രാവിലെ എട്ടരയോടെ ക്യൂ തുടങ്ങിയത്. ഇതിനിടെയാണ് വരന്റെ വാഹനം കുടുങ്ങിപ്പോയത്.മണ്ണഞ്ചേരി, മാരാരിക്കുളം, മുഹമ്മ, അര്‍ത്തുങ്കല്‍ എന്നിവിടങ്ങളില്‍ നിന്നു പോലീസ്‌ എത്തിയാണ്‌ മുഹമ്മ ബിവറേജസിനു മുന്നിലെ സ്‌ഥിതിഗതികള്‍ നിയന്ത്രിച്ചത്‌.
ദേശീയ, സംസ്‌ഥാന പാതയോരങ്ങളില്‍ മദ്യശാലകള്‍ പാടില്ലെന്ന സുപ്രീംകോടതി വിധി പ്രാബല്യത്തിലായതോടെ ആലപ്പുഴ ജില്ലയില്‍ ബഹുഭൂരിപക്ഷം ബിവറേജസ്‌/കണ്‍സ്യൂമര്‍ഫെഡ്‌ ഔട്ട്‌ലെറ്റുകളും പൂട്ടി.ഇതോടെയാണു ഗതാഗതത്തെപ്പോലും ബാധിക്കുംവിധം മുഹമ്മയിലെ ബിവറേജസ് പരിസരം മദ്യപരെക്കൊണ്ട് നിറഞ്ഞത്.