ജിഷ്ണുവിന്റെ വാട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്ത്; പരീക്ഷ മാറ്റിവെക്കാന്‍ വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചത് മാനെജ്‌മെന്റിന്റെ പ്രകോപനത്തിന് കാരണമായി

single-img
3 April 2017


പാലക്കാട്: പാമ്പാടി നെഹ്‌റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പുറത്ത്.സാങ്കേതിക സർവകലാശാല പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള സമരത്തിന് ജിഷ്ണു നേതൃത്വം നൽകിയിരുന്നു. മാനേജ്മെന്‍റിന്‍റെ ശത്രുതയ്ക്ക് കാരണം ഇതാണെന്നാണ് അന്വേഷണസംഘത്തിന്‍റെ നിഗമനം. പരീക്ഷ മാറ്റണമെന്നാവശ്യപ്പെട്ട് ജിഷ്ണു വിദ്യാഭ്യാസമന്ത്രിക്ക് ഇമെയിൽ അയച്ചിരുന്നു. വിദ്യാർഥി നേതാക്കൾക്കും ജിഷ്ണു സന്ദേശമയച്ചിരുന്നു എന്നാണ് വിവരം.

ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ ഒരു പരീക്ഷ ഡിസംബര്‍ രണ്ടിന് നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ഇത് ക്രിസ്തുമസിന് ശേഷമേ ഉണ്ടാകൂ എന്ന് പിന്നീട് അറിയിച്ചു. ഇതോടെ ഹോസ്റ്റല്‍ വിട്ട് വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക്‌ പോയി. അതിനിടെ തീരുമാനം വീണ്ടും മാറ്റി ഡിസംബര്‍ 13ന് പരീക്ഷ വെച്ചു.ഈ തീരുമാനത്തിനെതിരെ ജിഷ്ണു രംഗത്തെത്തുകയായിരുന്നു. ഇതിനായി വിദ്യാര്‍ത്ഥികളോട്‌ സമരത്തിനിറങ്ങാന്‍ ആഹ്വാനം ചെയ്താണ് ജിഷ്ണു വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ നല്‍കിയിരുന്നത്. വിദ്യാഭ്യാസ മന്ത്രിക്കും യൂണിവേഴ്‌സിറ്റി അധികൃതര്‍ക്കും പരീക്ഷ മാറ്റിവെക്കാന്‍ ആവശ്യപ്പെട്ട് ജിഷ്ണു എഴുതിയ കത്തുകളുടെ കോപ്പിയും വോയ്‌സ് സന്ദേശവുമാണ് വാട്‌സ് ആപ്പിലൂടെ കൈമാറിയിരുന്നത്.ഇതെല്ലാം ജിഷ്ണുവിനോട് മാനേജ്‌മെന്റിന് അതൃപ്തിക്കിടയാക്കിയതാണ് നിഗമനം.

നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പികെ കൃഷ്ണദാസിന് പുറമെ വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, അധ്യാപകന്‍ പ്രവീണ്‍,വിപിന്‍ പിആര്‍ഒ സജിത്ത് എന്നിവരാണ് ജിഷ്ണു പ്രണോയ് കേസിലെ പ്രതികള്‍. പ്രതികള്‍ക്ക് നേരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യാ പ്രേരണ, മര്‍ദ്ധനം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കു നേരെ ചുമത്തിയിരിക്കുന്നത്. ഗുരുതര ആരോപണങ്ങളാണ് അധ്യാപകര്‍ക്കെതിരെ കുറ്റപത്രത്തിലുളളത്.