സംസ്ഥാനത്തിന്‍റെ നാലാം വനിതാ ചീഫ് സെക്രട്ടറിയായി നളിനി നെറ്റോ ചുമതലയേറ്റു

single-img
2 April 2017

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ നാലാം വനിതാ ചീഫ് സെക്രട്ടറിയായി നളിനി നെറ്റോ ചുമതലയേറ്റു. രാവിലെ സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തിയാണ് ചുമതലയേറ്റത്. എല്ലാവരെയും ഏകോപിപ്പിച്ച് കൊണ്ടു പോകാൻ ശ്രമിക്കുമെന്നും ഉദ്യോഗസ്ഥരെ തമ്മിലടിപ്പിക്കാൻ ആഗ്രഹമില്ലെന്നും നളിനി നെറ്റോ മാധ്യമങ്ങളോട് പറഞ്ഞു.

എസ്.എം. വിജയാനന്ദ് വിരമിച്ച ഒഴിവിലാണ് നളിനി നെറ്റോയുടെ നിയമനം. ആഗസ്റ്റ് വരെയാണ് നെറ്റോയുടെ കാലാവധി. സംസ്ഥാനത്തെ 42- ചീഫ് സെക്രട്ടറിയാണ് നളിനി നെറ്റോ. പത്മ രാമചന്ദ്രനും നീല ഗംഗാധരനും ലിസി ജേക്കബുമാണ് ഈ പദവിയിലിരുന്ന മറ്റു വനിതകൾ.

1981 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ നളിനി നെറ്റോ തിരുവനന്തപുരം ജില്ലാ കളക്ടർ, സംസ്ഥാന ടൂറിസം ഡയറക്ടർ, നികുതി, സഹകരണ, രജിസ്ട്രേഷൻ, ജലസേചനം, ഗതാഗതം തുടങ്ങിയ വകുപ്പുകളിൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഒന്പതു വർഷം സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്നു. 2006, 2011 വർഷങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും 2009, 2014 വർഷങ്ങളിലെ ലോക്സഭാ തെരഞ്ഞെടുപ്പുകളും നളിനി നെറ്റോ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരിക്കെയാണു നടന്നത്. 2015ൽ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി. പിണറായി വിജയൻ സർക്കാർ അധികാരമേറ്റ ശേഷം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധികച്ചുമതലയും വഹിച്ചു.

രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ തിരുവനന്തപുരം സ്വദേശിയായ നളിനി ഒരു വർഷം ഇവിടുത്തെ ഓൾ സെയിന്‍റ്സ് കോളജിൽ അധ്യാപികയായിരുന്നിട്ടുമുണ്ട്. വിജിലൻസ് ഡയറക്ടറായി വിരമിച്ച ഡെസ്മണ്ട് നെറ്റോ ആണ് ഭർത്താവ്. ഏക മകൾ അനിഷ നെറ്റോ ലണ്ടനിൽ കംപാരറ്റീവ് ലിറ്ററേച്ചറിൽ പിഎച്ച്ഡി ചെയ്യുന്നു. നളിനിയുടെ പിതൃസഹോദരീ പുത്രി ഗിരിജ വൈദ്യനാഥനാണ് ഇപ്പോൾ തമിഴ്നാട് ചീഫ് സെക്രട്ടറി.