തന്നെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതാണ്, സര്‍ക്കാര്‍ ജോലിയില്‍ ഇനിയും തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും ശിഷ്ടകാലം മറ്റെന്തെങ്കിലും ചെയ്യണമെന്നും ജേക്കബ് തോമസ്

single-img
1 April 2017

കൊച്ചി: സര്‍ക്കാര്‍ ജോലിയില്‍ തുടരാന്‍ ആഗ്രഹമില്ലെന്നും ഇനി തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും ജേക്കബ് തോമസ് ഐപിഎസ്. ശിഷ്ടകാലം മറ്റെന്തെങ്കിലും ചെയ്യാനാണ് ആഗ്രഹം. കാരണം പിന്നീട് പറയാമെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറ്റിയിരുന്നു. തുടര്‍ച്ചയായ കോടതി വിമര്‍ശനങ്ങള്‍ വന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ വിജിലന്‍സിന്റെ ചുമതല ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറി. ഭരണ കക്ഷിയിലെ പ്രമുഖര്‍ക്കെതിരായ വിജിലന്‍സ് കേസുകളില്‍ കര്‍ശന നിലപാടെടുത്തതിനെ തുടര്‍ന്ന് അവധിയില്‍ പ്രവേശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തോമസിനോട് ആവശ്യപ്പെടുകയായിരുന്നു എന്നും റിപ്പോർട്ടുകൾ മുന്നെ സൂചിപ്പിച്ചിരുന്നു.

സംസ്ഥാനത്ത് വിജിലന്‍സിന്റെ അനാവശ്യ ഇടപെടല്‍ നടക്കുന്നുണ്ട്, നിലവിലെ ഡയറക്ടറെ നിലനിര്‍ത്തി എങ്ങനെ മുന്നോട്ടുപോകും,മാത്രമല്ല ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും കഴിഞ്ഞ ദിവസം കോടതി ചോദിച്ചിരുന്നു.

ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് തുടരുന്നത് അഭികാമ്യമല്ലെന്ന് സി.പി.ഐ.എമ്മില്‍ നിന്ന് തന്നെ വിലയിരുത്തല്‍ ഉണ്ടായിരുന്നു. രാഷ്ട്രീയ തീരുമാന പ്രകാരമാണ് ജേക്കബ് തോമസിനെ മാറ്റിയത് എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ജേക്കബ് തോമസിനെ തല്‍സ്ഥാനത്ത് നിന്ന് സ്ഥിരമായി മാറ്റുന്നതിവനു മുന്നോടിയായാണ് അവധിയില്‍ പ്രവേശിക്കാന്‍ ജേക്കബ് തോമസിനോട് ആവശ്യപ്പെട്ടത് എന്നും സൂചനകളുണ്ട്.

ഇ.പി ജയരാജനെതിരായ ബന്ധുനിയമന കേസ്, ടി.പി ദാസന്‍ ഉള്‍പ്പെട്ട സ്‌പോര്‍ട്‌സ് ലോട്ടറി കേസ്, മുന്‍ ധനമന്ത്രി കെ.എം മാണിക്കെതിരായ ബാര്‍ കോഴ കേസ് എന്നീ കേസുകളില്‍ കര്‍ശന നിലപാടാണ് ജേക്കബ് തോമസ് സ്വീകരിച്ചത്. ഇതു കൂടാതെ ജിഷ കേസില്‍ പൊലീസ് അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ച പറ്റിയെന്ന് വിജിലന്‍സ് റിപ്പേര്‍ട്ട് നല്‍കിയതും സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയിരുന്നു.

ജേക്കബ് തോമസിനെതിരേ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്

അതേ സമയം ജേക്കബ് തോമസിനെതിരേ ചീഫ് സെക്രട്ടറി സർക്കാരിന് റിപ്പോർട്ട് നൽകിയതായും സൂചന. സ്വത്ത് മറച്ചുവച്ച കേസിലും ഡ്രഡ്ജർ ഇടപാടിലും നിജസ്ഥിതി അറിയിക്കുന്നതിൽ ജേക്കബ് തോമസിന്‍റെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ചയുണ്ടായതായി എന്നാണ് സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി എസ്. എം. വിജയാനന്ദിന്‍റെ റിപ്പോർട്ടിലുള്ള ആരോപണം. നിലവിലുള്ള കേസുകളിൽ എജിയുടെ ഓഫീസ് സർക്കാരിനോട് വിശദീകരണം ചോദിച്ചിരുന്നു.