വിജിലന്‍സ് തത്തയ്ക്ക് പിണറായി വിജയന്‍ ചരമഗീതം പാടിയെന്നും ജേക്കബ് തോമസിനെ മാറ്റിയതില്‍ നിഗൂഢതയുണ്ടെന്നും രമേശ് ചെന്നിത്തല

single-img
1 April 2017

മലപ്പുറം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റിയതില്‍ നിഗൂഢതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലന്‍സ് തത്തയ്ക്ക് പിണറായി വിജയന്‍ ചരമഗീതം പാടി. അഴിമതി വിരുദ്ധത എന്നും പറഞ്ഞ് സര്‍ക്കാര്‍ ജനങ്ങളെ പറ്റിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.

എന്തുകൊണ്ടാണ് വിജിലന്‍സ് ഡയറക്ടറെ മാറ്റിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിട്ടും മാറ്റാന്‍ തയ്യാറാവാത്ത മുഖ്യമന്ത്രി പാര്‍ട്ടി സമ്മര്‍ദ്ദത്തെ തുടര്‍ന്നാണോ ജേക്കബ് തോമസിനെ മാറ്റിയതെന്നും വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് ചോദിച്ചു.

ലോക്‌നാഥ് ബെഹ്‌റക്ക് വിജിലന്‍സിന്റെ ചുമതല നല്‍കിയത് കീഴ്‌വഴക്കങ്ങളുടെ ലംഘനമാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കണം. എസ്എസ്എല്‍സി ചോദ്യപേപ്പര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും. കെഎസ്ടിഎക്കാരെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷമായ വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു തുടരുന്നതെന്തിനാണെന്നായിരുന്നു കോടതിയുടെ ചോദ്യം. ജേക്കബ് തോമസിനെ പ്രതിക്കൂട്ടിലാക്കി ചീഫ് സെക്രട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ഭൂമി വാങ്ങിയ വിവരം സ്വത്ത് വിവരങ്ങളില്‍ നിന്ന് മറച്ച് വെച്ചത് ഗുരുതരമായ വീഴ്ച്ചയാണെന്ന് സ്ഥാനമൊഴിഞ്ഞ മുന്‍ ചീഫ് സെക്രട്ടറി എസ് എം വിജയാന്ദയുടെ റിപ്പോര്‍ട്ടിലുണ്ട്.