ജീത്തു ജോസഫിന്റെ തിരക്കഥയില്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായെന്നു റിപ്പോർട്ട്

single-img
1 April 2017

കൊച്ചി: ജീത്തു ജോസഫിന്റെ തിരക്കഥയില്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്നുവെന്ന വാര്‍ത്ത പ്രേക്ഷകര്‍ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ജീത്തുവിന്റെ രണ്ട് ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച പ്രണവ് നായകനായി അരങ്ങേറ്റം കുറിക്കുന്നതായിരുന്നു പ്രേക്ഷകരെ സന്തോഷിപ്പിച്ചത്. ചിത്രത്തിന് വേണ്ടി പ്രണവ് പാര്‍ക്കൗര്‍ പരീശീലനം നടത്തുകയായിരുന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. അടുത്തിടെ ചിത്രത്തെ കുറിച്ച് അപ്‌ഡേഷന്‍ ഒന്നുമില്ലാതിരുന്നത് പ്രേക്ഷകരെ നിരാശരാക്കിയിരുന്നു.ചിത്രം ജീത്തു ജോസഫ് ഉപേക്ഷിച്ചതായും വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതായാണ് അറിയുന്നത്.

സൂപ്പര്‍ താരം മോഹന്‍ലാലിന്റെ മകന്‍ പ്രണവ് നായകനാകുന്ന ചിത്രം മേയില്‍ തുടങ്ങും. മോഹന്‍ലാല്‍ തന്നെ തന്റെ ഫേസ്ബുക് പേജിലൂടെ പ്രണവ് അഭിനയിക്കുന്ന വിവരം കഴിഞ്ഞ സെപ്തംബറില്‍ പുറത്തുവിട്ടിരുന്നു. പിന്നീട് സംവിധായകന്‍ ജീത്തു ജോസഫും ഇക്കാര്യം ശരിവച്ചിരുന്നു. ഇപ്പോള്‍ തിരക്കഥ പൂര്‍ണ്ണമായി. പലവട്ടം വായന നടന്നു. സാങ്കേതിക പ്രവര്‍ത്തകരെയും താരങ്ങളെയും തെരഞ്ഞെടുത്ത് വരികയാണ്. ചിത്രം നിര്‍മ്മിക്കുന്നത് ആന്റണി പെരുന്പാവൂരാണ്.

ഊട്ടിയിലെ ഹെബ്രോണ്‍ സ്‌കൂളിലെ പഠനത്തിന് ശേഷം താര പുത്രന് മുന്നില്‍ പല വഴികളുണ്ടായിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയയിലെ ന്യൂ സൌത്ത് വെയില്‍സ് സര്‍വകലാശാലയില്‍ നിന്ന് തത്വശാസ്ത്രത്തിലാണ് പ്രണവ് ബിരുദം നേടിയത്.ജീവിതത്തെ വളരെ ലാളിത്യത്തോടെയാണ് പ്രണവ് സമീപിക്കുന്നത്.

രണ്ട് ജോഡി വസ്ത്രങ്ങള്‍ ഉണ്ടെങ്കില്‍ പ്രണവ് ലോകം ചുറ്റുമെന്ന് മുന്പ് ഒരു സുഹൃത്ത് തന്നെ പറഞ്ഞിട്ടുണ്ട്. അങ്ങനെയിരിക്കെയാണ് സംവിധാന മോഹവുമായി സിനിമയിലേക്കെത്തിയത്. രണ്ട് ചിത്രങ്ങളില്‍ ജീത്തു ജോസഫിന്റെ സംവിധാന സഹായിയായി. എന്നാല്‍ ജീത്തു ജോസഫിന്റെ നായകനാകാനാണ് വിധി അവസരം കാത്ത് വച്ചത്.