കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യവീട്ടിലെത്തിയ യുവാവ് ഭാര്യാ സഹോദരിയേയും മാതാവിനേയും കുത്തിക്കൊന്നു

single-img
1 April 2017

ഇടുക്കി: നെടുങ്കണ്ടത്ത് ഭാര്യവീട്ടിലെത്തിയ യുവാവ് ഭാര്യാ സഹോദരിയേയും മാതാവിനേയും കുത്തിക്കൊന്നു. ചേലമൂട് പരേതനായ മുരുകേശന്റെ ഭാര്യ ഓമന (52), മൂത്ത മകള്‍ ബീന സുബിന്‍ (27) എന്നിവരാണ് കൊല്ലപ്പെട്ടത്.പ്രതി സജി(27)നെ മേലെ ചിന്നാറില്‍ വെച്ച് പോലീസ് പിടികൂടി.ബീനയുടെ ഭര്‍ത്താവ് സുബിന്റെ അനുജനാണു സജിന്‍. രണ്ട് പേരും ചേച്ചിയെയും അനിയത്തിയേയും വിവാഹം കഴിക്കുകയായിരുന്നു

വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം.എട്ട് മാസത്തോളമായി പ്രതിയുടെ ഭാര്യ വിനീതയും കുഞ്ഞും സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. മദ്യപാനിയായ സജിന്‍ ഭാര്യയുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നു.
ഇതില്‍ മനം മടുത്താണ് വിനീത സ്വന്തം വീട്ടിലേക്ക് പോയത്. എന്നാല്‍ ഇടക്കിടെ ഭാര്യയെ കൊണ്ട് പോകാന്‍ പ്രതി വീട്ടില്‍ വരുകയും ഭീഷണിപ്പെടുത്തുകയും ചെയ്യാറുണ്ടായിരുന്നു.

സംഭവ ദിവസവും ഭാര്യയെ കൊണ്ട് പോകാനാണ് ഇയാള്‍ വന്നത് . എന്നാല്‍ അവളെ വിടില്ലെന്നും കുടുംബ കോടതിയില്‍ കേസ് കൊടുക്കുമെന്നും ബീന പറഞ്ഞത്രേ. ഇതില്‍ പ്രകോപിതനായ പ്രതി കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് ബീനയെ കുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ ഓമനയെയും പ്രതി കുത്തി. ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരേയും ആശുപത്രിയില്‍ കൊണ്ട് പോയെങ്കിലും രക്ഷപ്പടുത്താനായില്ല.

സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെടുന്നതിനിടെ പ്രതി ഓടിച്ച ബൈക്ക് മേലേചിന്നാറില്‍ ഓട്ടോറിക്ഷയുമായി കൂട്ടിമുട്ടി. തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ തടഞ്ഞുവയ്ക്കുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി സുജിനെ കസ്റ്റഡിയിലെടുക്കുകയുണ്ടായി.