മുംബൈയിലെ ജിന്ന ഹൗസിന് അവകാശവാദവുമായി പാക്കിസ്ഥാന്‍

single-img
31 March 2017

ഇസ്ലാമാബാദ്: മുംബൈയിലെ ജിന്ന ഹൗസിന് അവകാശവാദവുമായി പാക്കിസ്ഥാന്‍. പാക്കിസ്ഥാന്റെ രാഷ്ട്രപിതാവ് മുഹമ്മദാലി ജിന്നയുടെ മുംബൈയിലെ വസതിയാണ് ജിന്ന ഹൗസ്. ഇതിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്ക് കൈമാറണമെന്നാണ് പാക്കിസ്ഥാന്റെ ഇപ്പോഴത്തെ ആവശ്യം. ജിന്ന ഹൗസില്‍ പാക്കിസ്ഥാനുള്ള അവകാശം അംഗീകരിക്കാന്‍ ഇന്ത്യ തയ്യാറാകണമെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ വക്താവ് നഫീസ് സക്കരിയ പറഞ്ഞു.

എന്നാല്‍ ഇന്ത്യ വിഭജനത്തിന്റെ പ്രതീകമായ ജിന്ന ഹൗസ് പൊളിച്ചു മാറ്റണമെന്ന് ബിജെപി എം.എല്‍.എ മംഗള്‍ പ്രഭാത് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യാ വിഭജനത്തെ തുടര്‍ന്ന് പാകിസ്ഥാനിലേക്കും ചൈനയിലേക്കും കുടിയേറിയവരുടെ ഇന്ത്യയിലെ സ്വത്തുക്കള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലാക്കുന്നതിനുള്ള നിയമം അടുത്തിടെ പാസാക്കിയിരുന്നു. ഈ നിയമമനുസരിച്ച് ജിന്ന ഹൗസ് ഇപ്പോള്‍ ഇന്ത്യയുടെ ഉടമസ്ഥതയിലാണ്. ഇത് പൊളിച്ചു മാറ്റി സാംസ്‌കാരിക കോന്ദ്രം നിര്‍മിക്കണമെന്നും ബി.ജെ.പി എംഎല്‍എ ആവശ്യപ്പെട്ടിരുന്നു.

അതേസമയം വീട് പൊളിക്കരുതെന്നും ഉടമസ്ഥാവകാശം തങ്ങള്‍ക്ക് കൈമാറണമെന്നുമാണ് പാക്കിസ്ഥാന്റെ വാദം. മുംബൈയിലെ മലബാര്‍ ഹില്‍സില്‍ 2.5 ഏക്കറിലാണ് ജിന്ന ഹൗസ് സ്ഥിതി ചെയ്യുന്നത്. ജിന്ന ഹൗസിന്റെ അവകാശം കൈമാറണമെന്ന് നേരത്തെയും പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു. മുന്‍പ് പല അവസരങ്ങളിലും ജിന്ന ഹൗസിന്റെ ഉടമസ്ഥാവകാശം കൈമാറാന്‍ ഇന്ത്യ സന്നദ്ധത അറിയിച്ചിരുന്നെന്നും പിന്നീട് വാഗ്്ദാന ലംഘനം നടത്തുകയായികുന്നെന്നും നഫീസ് സക്കരിയ ആരോപിച്ചു.