എ.കെ ശശീന്ദ്രന്റെ കാര്യത്തില്‍ പാര്‍ട്ടിയിലും മുന്നണിയിലും പുനരാലോചന;ശശീന്ദ്രനെ തിരികെ കൊണ്ടുവരണമെന്ന് ഒരു വിഭാഗം.

single-img
31 March 2017


കോഴിക്കോട്: പുതിയ മന്ത്രിയെ ചൊല്ലി എന്‍സിപിയില്‍ ആശയക്കുഴപ്പം. അശ്ലീലസംഭാഷണ വിവാദത്തില്‍ മന്ത്രിസ്ഥാനം നഷ്ടമായ എ.കെ ശശീന്ദ്രന്റെ കാര്യത്തില്‍ പാര്‍ട്ടിയിലും മുന്നണിയിലും പുനരാലോചന നടക്കുകയാണ്. കുറ്റസമ്മതം നടത്തി ചാനല്‍ രംഗത്തെത്തിയതോടെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്തേക്ക് തിരികെ കൊണ്ടുവരണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.പത്തുമണിയോടെ എന്‍സിപി നേതാക്കള്‍ മുഖ്യമന്ത്രിയെ കാണും.

Support Evartha to Save Independent journalism

മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രനെ ബോധപൂർവം കുടുക്കിയതെന്ന് സമ്മതിച്ച് മംഗളം ചാനല്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. മന്ത്രിയെ ടെലിഫോണിൽ വിളിച്ചത് വീട്ടമ്മയല്ല, ചാനല്‍ ലേഖിക തന്നെയാണെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും ചാനല്‍ സിഇഒ നേരിട്ട് സന്ദേശം നല്‍കി. നടന്നത് സ്റ്റിങ് ഒാപ്പറേഷനാണെന്നും വിശദീകരിച്ചു. ഈ പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിസ്ഥാനത്തെ ചൊല്ലി ആശയക്കുഴപ്പം ഉണ്ടായത്.

മന്ത്രിയായി തിരിച്ചുവരണോ എന്നത് സംബന്ധിച്ച് പാര്‍ട്ടിയും മുഖ്യമന്ത്രിയും തീരുമാനമെടുക്കട്ടെയെന്ന് ശശീന്ദ്രന്‍ പ്രതികരിച്ചിട്ടുണ്ട്. സിപിഐഎമ്മിന്റെ സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വവും വ്യവസായ പ്രമുഖന്‍ കൂടിയായ തോമസ് ചാണ്ടിയ മന്ത്രിയാക്കുന്നതില്‍ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്.അനവാശ്യമായി കുടുക്കില്‍ പെട്ട ഒരാളെ ഒഴിവാക്കേണ്ടതില്ല എന്ന നിലപാടിനും മുന്നണിയില്‍ അഭിപ്രായം ബലപ്പെടുന്നുണ്ട്.