ഹണി ട്രാപ്പ്:മംഗളം ചാനലിലേക്ക് ഇന്ന് വനിതാ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധമാര്‍ച്ച്.

single-img
31 March 2017


തിരുവനന്തപുരം: എ കെ ശശീന്ദ്രനെ രാജിവെപ്പിച്ച ഫോണ്‍ സംഭാഷണത്തില്‍ ഖേദം പ്രകടിപ്പിച്ച് മംഗളം ചാനല്‍ രംഗത്ത്. മംഗളം ചാനല്‍ സിഇഒ അജിത്ത് കുമാറാണ് ചാനലിലൂടെ തന്നെ മാപ്പപേക്ഷയുമായി രംഗത്തെത്തിയത്. സ്വയം തയ്യാറായി മുന്നോട്ടുവന്ന മാധ്യമപ്രവര്‍ത്തകയാണ് സംഭവം ഏറ്റെടുത്ത് ചെയ്തതെന്ന് അജിത്ത് കുമാര്‍ പറഞ്ഞു. സ്റ്റിംഗ് ഓപ്പറേഷനായിരുന്നു അതെന്നും അജിത്ത് കുമാര്‍ വ്യക്തമാക്കി.എ.കെ ശശീന്ദ്രനെ സമീപിച്ച പരാതിക്കാരിയായ വീട്ടമ്മയോട് മോശമായി പെരുമാറിയെന്നായിരുന്നു ചാനല്‍ നേരത്തെ അവകാശപ്പെട്ടിരുന്നത്.
പത്രപ്രവര്‍ത്തക യൂണിയനും വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കുമുണ്ടായ ബുദ്ധിമുട്ടില്‍ നിര്‍വ്യാജം ഖേദിക്കുകയാണ്. വാര്‍ത്ത പൂര്‍ണരൂപത്തില്‍ മുന്‍കരുതലെടുക്കാതെയാണ് സംപ്രേഷണം ചെയ്തത്. ഇത് തിരിച്ചറിയുന്നു. വ്യാപകമായ സത്യവിരുദ്ധ പ്രചാരണം നടക്കുന്നതുകൊണ്ടാണ് ഇതെല്ലാം വെളിപ്പെടുത്തുന്നത്. സംഭവിച്ച തെറ്റുകള്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കില്ല. തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തും. തിന്മക്കെതിരായ പോരാട്ടം മംഗളം തുടരും. ഒരു വീഴ്ചയുടെ പേരില്‍ ഈ മാധ്യമ സംരംഭത്തെ തകര്‍ക്കാന്‍ ശ്രമിക്കരുത്. ജുഡീഷ്യല്‍ കമ്മീഷന്‍ മുമ്പാകെ ഇക്കാര്യം പറയാനിരിക്കുകയായിരുന്നുവെന്നും അജിത്ത് പറഞ്ഞു. അതേസമയം വിവാദ സംഭാഷണം അന്വേഷിക്കുന്നതിനായി സര്‍ക്കാര്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

അതിനിടെ നിതാ മാധ്യമപ്രവര്‍ത്തകര്‍ ഇന്ന് സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ മംഗളം ഓഫീസുകളിലേക്ക് മാര്‍ച്ച് ചെയ്യും.വനിതാ മാധ്യമപ്രവര്‍ത്തകരുടെ ദേശീയ തലത്തിലുള്ള കൂട്ടായ്മയായ നെറ്റ്‌വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് മംഗളം ചാനല്‍ ആസ്ഥാനത്തേക്ക് ഉച്ചയ്ക്ക് 12മണിക്കാണ് മാര്‍ച്ച് നടത്തുക. കൊച്ചിയിലും കോഴിക്കോടും വനിതാ മാധ്യമപ്രവര്‍ത്തകര്‍ സമാനമായ മാര്‍ച്ചുകള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.

ഹണി ട്രാപ്പിന് നേതൃത്വം നല്‍കിയ ചാനല്‍ സിഇഒ രാജിവെക്കണം, സ്ത്രീകളെ ഉപയോഗിച്ചുള്ള ഇത്തരത്തിലുള്ള സ്റ്റിംഗ് ഓപ്പറേഷനുകള്‍ നിയന്ത്രിക്കാനുള്ള സംവിധാനം സര്‍ക്കാര്‍ നടപ്പിലാക്കണം എന്നീ ആവശ്യങ്ങളാണ് ഇവരുയര്‍ത്തുന്നത്. മാധ്യമപ്രവര്‍ത്തകരായ സ്ത്രീകളുടെ അഭിമാനം കെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ചാനലുകള്‍ പിന്മാറണമെന്നും സംഘടന ആവശ്യപ്പെടുന്നു. അന്തസായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന മുദ്രാവാക്യവും ഇവരുയര്‍ത്തുന്നു.