യുവതികളെ ഉപയോഗിച്ച് കഞ്ചാവ് കടത്തൽ;മുണ്ടക്കയത്ത് മൂന്നരക്കിലോ കഞ്ചാവുമായി രണ്ടു യുവതികളടക്കം 4 പേര്‍ എക്‌സൈസ് പിടിയില്‍

single-img
30 March 2017


കോട്ടയം: കുമളി ചെക്ക് പോസ്റ്റ് വഴി കാറില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച സ്ത്രീകളടക്കം നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശികളായ അനൂപ്, അഷ്റഫ്, ഷഫീഖ്, തളിപ്പറമ്പ് സ്വദേശിനി ജംസിയ,കോഴിക്കോട് സ്വദേശി ഷീബ എന്നിവരാണ് മൂന്നരക്കിലോ കഞ്ചാവുമായി പിടിയിലായത്. ഇവര്‍ തമിഴ്നാട്ടില്‍ നിന്നാണ് കഞ്ചാവ് കൊണ്ട് വരുന്നതെന്ന് പോലീസ് പറഞ്ഞു.

കാറില്‍ വരികയായിരുന്ന സംഘത്തിന് നേരെ കുമളി ചെക്ക് പോസ്റ്റില്‍ വെച്ച് പോലീസ് കൈ കാണിച്ചെങ്കിലും ഇവര്‍ വണ്ടി നിര്‍ത്തിയിരുന്നില്ല. തുടര്‍ന്ന് എക്‌സൈസ് സംഘം പിന്തുടരുകയായിരുന്നു.പീരുമേടില്‍ വെച്ചാണ് ഇവരെ പിടികൂടിയത്.അപ്പോള്‍ കാറില്‍ സ്ത്രീകള്‍ ഇല്ലായിരുന്നു.പിടികൂടുമെന്ന് ഉറപ്പായതോടെ കഞ്ചാവുമായി സ്ത്രീകളെ ബസ്സില്‍ കയറ്റി വിടുകയായിരുന്നു.

ചോദ്യം ചെയ്യലില്‍ നിന്നാണ് യുവതികള്‍ ബസ്സില്‍ രക്ഷപ്പെട്ട വിവരം പോലീസിന് ലഭിക്കുന്നത്.തുടര്‍ന്ന് അവരെയും പിടികൂടുകയായിരുന്നു.സ്വിഫ്റ്റ് കാറിലായിരുന്നു കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. സംശയം തോന്നാതിരിക്കാനാണ് യുവതികളെയും വാഹനത്തില്‍ കൊണ്ടുവന്നതെന്ന് ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്.

എക്‌സൈസ് വകുപ്പിന് മുന്‍കൂട്ടി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മുണ്ടക്കയം പോലീസിന്റെ സഹായവും എക്‌സൈസ് വകുപ്പിന് ലഭിച്ചു.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.