ഉമ്മന്‍ ചാണ്ടീ…..ശിവാനി വിളിച്ചു; അമലിന് നന്മവീടിന്റെ താക്കോലുമായി ഉമ്മന്‍ ചാണ്ടിയെത്തി

single-img
30 March 2017


കോഴിക്കോട്: അമലിന്റെ നന്മവീട്ടിലേക്ക് ഉമ്മന്‍ചാണ്ടിയെത്തി. കാറില്‍ നിന്നിറങ്ങി അമല്‍കൃഷ്ണയുടെ വീട്ടിലേക്ക് നടക്കുമ്പോഴും മുന്‍ മുഖ്യമന്ത്രി കാതോര്‍ത്തിരുന്നത് ഉമ്മന്‍ ചാണ്ടീ….. എന്ന ശിവാനിയുടെ വിളികേള്‍ക്കാനായിരിക്കാം. ശിവാനിയുടെ വിളിയാണ് അമലിന്റെ സ്വപ്നത്തിലേക്ക് വഴി തുറന്നത്. സഹപാഠിക്ക് വീട് വേണമെന്ന് മുന്‍ മുഖ്യമന്ത്രിയോട് അപേക്ഷിച്ച മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ശിവാനിക്കും കൂട്ടുകാര്‍ക്കും സന്തോഷം പകര്‍ന്ന് അമല്‍ കൃഷ്ണയുടെ വീട് പാലുകാച്ചല്‍ ചടങ്ങിനാണ് ഉമ്മന്‍ചാണ്ടി എത്തിയത്.
കഴിഞ്ഞ വര്‍ഷം നടക്കാവ് ഗവ. ടി.ടി.ഐയുടെ പുതിയ കെട്ടിടത്തിന് തറക്കല്ലിടാന്‍ വേദിയിലേക്ക് കടന്നു പോകുന്നതിനിടെയായിരുന്നു ശിവാനി മുഖ്യമന്ത്രിയെ പേരുചൊല്ലി വിളിച്ചത്. കൂട്ടുകാരന്‍ അമലിനു വീടില്ലെന്ന് പറയാനാണ് വിളിച്ചതെന്ന് പറഞ്ഞ ആ എട്ടുവയസുകാരിയെ ഉമ്മന്‍ചാണ്ടി മറന്നില്ല. അതുകൊണ്ടായിരിക്കും സാങ്കതിക നൂലാമാലകളില്‍ കുടുങ്ങി സര്‍ക്കാര്‍ ഫണ്ട് ഇതുവരെ കിട്ടിയില്ലെങ്കിലും ഉമ്മന്‍ ചാണ്ടി സ്വന്തം നിലക്ക് തുക സംഘടിപ്പിച്ച് ഭവനനിര്‍മാണ കമ്മിറ്റിക്ക് നല്‍കിയത്.


പൊതുപ്രവര്‍ത്തകന്‍ കെ.പി. വിജയകുമാര്‍, ചെയര്‍മാനും അധ്യാപകന്‍ ബാബു തത്തക്കാടന്‍ ജനറല്‍ കണ്‍വീനറും പ്രധാനാധ്യാപിക ടി.സി. റോസ്‌മേരി തുടങ്ങി നന്മ വറ്റാത്ത ഒരുപിടി മനുഷ്യര്‍ ഒത്തു കൂടിയപ്പോള്‍ നന്മയെന്ന കുഞ്ഞ് വീട് യാഥാര്‍ത്ഥ്യമായി. വീട്് പൂര്‍ത്തിയായതിന്റ സന്തോഷത്തിലാണ് അമലും കൂട്ടുകാരും.

രണ്ടു നിലകളിലായി നാല് കിടപ്പുമുറികളുള്ളതാണ് വീട്. താഴെ അമലും കുടുംബവും ജീവിക്കുേമ്പാള്‍ മുകള്‍ഭാഗം വാടകക്ക് നല്‍കി വരുമാനം കണ്ടെത്തുകയാണ് ലക്ഷ്യം. 3 സെന്റ് സ്ഥലത്ത് 18 ലക്ഷം രൂപ ചിലവിട്ടാണ് വീട് പൂര്‍ത്തിയത്. വീടിനായി ഇടപെട്ട അമലിന്റെ രണ്ട് സഹപാഠികള്‍ക്കും സമ്മാനം നല്‍കിയാണ് മുന്‍ മുഖ്യമന്ത്രി മടങ്ങിയത്.