എസ്എസ്എൽസി പുന:പരീക്ഷ കടുത്ത മനുഷ്യാവകാശ ലംഘനം;പരീക്ഷയെഴുതേണ്ട ഓരോ കുട്ടിക്കും ഒരു ലക്ഷം രൂപ വീതം സർക്കാർ നഷ്ടപരിഹാരം നൽകണം; മനുഷ്യാവകാശ കമ്മീഷനിൽ പരാതി.

single-img
28 March 2017

വിദ്യാഭാസ വകുപ്പിന്റെ കെടുകാര്യസ്ഥത മൂലം ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ കണക്ക് പരീക്ഷ വീണ്ടും പരീക്ഷ എഴുതേണ്ട ദുരവസ്ഥക്കെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതി.വളാഞ്ചേരി സ്വദേശി ഹാഷിം കൊളംബനാണു മനുഷ്യാവകാശ കമ്മീഷനു പരാതി നൽകിയത്.വീണ്ടും പരീക്ഷയെഴുതേണ്ട ഓരോ കുട്ടിക്കും ഒരു ലക്ഷം രൂപ വീതം സർക്കാർ നഷ്ടപരിഹാരം നല്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ലക്ഷക്കണക്കിനു വരുന്ന കുട്ടികളേയും അതിനിരട്ടിയോളം വരുന്ന മാതാപിതാക്കളേയും മാനസിക സമ്മർദ്ധത്തിലാക്കും വിധമാണു പുനർ പരീക്ഷയെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരിയ്ക്കുന്നു.

വീണ്ടും പരീക്ഷ എഴുതുമ്പോൾ കുട്ടികൾ അഭിമുഖീകരിയ്ക്കുന്ന മാനസിക സമ്മർദ്ധം പരീക്ഷ കഴിഞ്ഞു എന്ന ധാരണയിൽ നഷ്ടപ്പെടുത്തിയ പഠന പുസ്തകങ്ങളും നോട്സുകളും മറ്റ് പാഠ്യ ഉപകരണങ്ങളും പുനർ പരീക്ഷക്കായി കുട്ടികൾക്ക് എവിടെ നിന്ന് ലഭ്യമാകും എന്ന അരക്ഷിതാവസ്ഥ.പുനർ പരീക്ഷക്കായുള്ള യാത്രക്കും മറ്റും കുട്ടികളും മാതാപിതാക്കളും ചിലവാക്കുന്ന അതിക തുക ഉണ്ടാക്കുന്ന സാമ്പത്തിക സമ്മർദ്ധം തുടങ്ങിയ പ്രയാസങ്ങളും അക്കമിട്ട് നിരത്തിയാണ് പരാതി നൽകിയിട്ടുള്ളത്.

വിദ്യാഭ്യാസ വകുപ്പിന്റെ കെടുകാര്യസ്ഥതമൂലം നിരപരാധികളായ കുട്ടികൾ അനുഭവിക്കാനിരിക്കുന്ന പീഢനത്തിൽ നിന്ന് കുട്ടികൾക്കും രക്ഷിതാക്കൾക്കും നിയമം മൂലം ലഭ്യമായ എല്ലാ പരിരക്ഷയും ലഭിക്കണമെന്നും, നിർബദ്ധിതാവസ്ഥയിൽ പരീക്ഷ എഴുതിക്കുന്ന പക്ഷം അവ ഉണ്ടാക്കുന്ന മാനസിക സമ്മർദ്ധത്തിനും മറ്റ് സാമ്പത്തിക ചിലവുകൾക്കും തക്കതായ നഷ്ട്ടപരിഹാരമായി ഒരു ലക്ഷംരൂപ ഓരോ വിദ്യാർഥിക്കും എന്ന നിലയിൽ നഷ്ട്ടപരിഹാരം ലഭ്യമാക്കണമെന്നും പരാതിയിൽ പറഞ്ഞിരിയ്ക്കുന്നു.

സൂര്യ ടിവിയിലെ “കുട്ടിപ്പട്ടാള”ത്തിനെതിരേ പരാതി നൽകി വാർത്തകളിൽ ഇടം നേടിയ വ്യക്തിയാണു ഹാഷിം കൊളംബൻ.നേരത്തേ ‘കുട്ടിപ്പട്ടാളം’ കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയെ പരിഹസിക്കുകയും കുട്ടികളെ മാനസിക പീഡനത്തിനു വിധേയമാക്കുകയും ചെയ്യുന്നെന്ന പരാതി ഹാഷിം ബാലാവകാശ കമ്മീഷനിൽ നൽകിയിരുന്നു.ബാലാവകാശ കമ്മീഷന്‍ ഇടപെട്ടതിനെത്തുടർന്നാണു ‘കുട്ടിപ്പട്ടാളം’ പരിപാടി സൂര്യ ടിവി അവസാനിപ്പിച്ചത്