തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് എന്‍.സി.പി;മുഖ്യമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെടും

single-img
28 March 2017

രാജിവെച്ചൊഴിഞ്ഞ എകെ ശശീന്ദ്രന് പകരം തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് എന്‍സിപി. എന്‍സിപി സംസ്ഥാന നേതൃയോഗത്തിലാണ് കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി പാര്‍ട്ടിയുടെ മന്ത്രിയായാല്‍ മതിയെന്ന് എന്‍സിപി തീരുമാനിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനോട് ഇക്കാര്യം ആവശ്യപ്പെടും. എ.കെ.ശശീന്ദ്രനാണ് തോമസ് ചാണ്ടിയുടെ പേരു നിർദേശിച്ചത്. മന്ത്രിസ്ഥാനം രാജിവച്ച എ.കെ.ശശീന്ദ്രനെ പാർലമെന്ററി പാർട്ടി നേതാവാക്കാനും എംഎൽഎ ഹോസ്റ്റലിൽ ചേർന്ന നേതൃയോഗം തീരുമാനിച്ചു.

രാവിലെ വിമാനത്താവളത്തിലെത്തിയ തോമസ് ചാണ്ടി മന്ത്രിസ്ഥാനം എൻസിപി വിട്ടുനൽകില്ലെന്ന് വ്യക്തമാക്കിയിരുന്നു. വകുപ്പ് മുഖ്യമന്ത്രി കൈവശം വയ്ക്കുന്നതിൽ തെറ്റില്ല. എന്നാൽ മറ്റു മന്ത്രിമാർക്ക് നൽകാൻ അനുവദിക്കില്ല. മന്ത്രിയാകാൻ യോഗ്യതയുള്ളവർ പാർട്ടിയിലുണ്ട്. താൻ മന്ത്രിയാകുന്നതിനോടു മുഖ്യമന്ത്രിക്ക് എതിർപ്പില്ല. എ.കെ.ശശീന്ദ്രൻ കുറ്റവിമുക്തനെന്ന് തെളിഞ്ഞാൽ ആ നിമിഷം മാറിക്കൊടുക്കുമെന്നും തോമസ് ചാണ്ടി വ്യക്തമാക്കി.ഗൾഫിൽനിന്ന് ഇന്നാണു തോമസ് ചാണ്ടി തിരുവനന്തപുരത്ത് എത്തിയത്.
തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നത് സംബന്ധിച്ച് സിപിഐഎം ദേശീയ നേതൃത്വം എതിര്‍പ്പ് അറിയിച്ചതിന് പിന്നാലെയാണ് എന്‍സിപി നിലപാട്. വ്യവസായിയും കോടീശ്വരനുമായ കുട്ടനാട് എംഎല്‍എയെ ഇടത് മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നത് ഉചിതമാവില്ലെന്നാണ് സിപിഐഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.