സ്ത്രീകള്‍ക്ക് നൈറ്റ് ഷിഫ്റ്റ് നല്‍കേണ്ടെന്ന് ഐടി കമ്പനികളോട് കര്‍ണ്ണാടക നിയമസഭാസമിതി

single-img
28 March 2017

പ്രതീകാത്മക ചിത്രം

ബെംഗളൂരു: സ്ത്രീകളെ രാത്രി ഷിഫ്റ്റില്‍ ഇടുന്നത് ഒഴിവാക്കണമെന്ന് ഐടി കമ്പനികളോടും ബയോടെക് കമ്പനികളോടും കര്‍ണാടക നിയമസഭ സമിതിയുടെ നിര്‍ദേശം.സ്ത്രീകളുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പു വരുത്താനാണ് ഇത്തരമൊരു ഇടപെടല്‍ എന്നാണ് നിയമസഭ സമിതിയുടെ അഭിപ്രായം.

ഐടി-ബിടി കമ്പനികള്‍ സ്ത്രീകളെ രാത്രി ഡ്യൂട്ടിയിലിടുന്നതിനോട് യോജിപ്പില്ലെന്നും സ്ത്രീകളെ എത്രയും പെട്ടെന്ന് പകല്‍ ഷിഫ്റ്റിലോ ഉച്ച ഷിഫ്റ്റിലോ നിയോഗിക്കണമെന്നുമാണ് പാനലിന്റെ നിര്‍ദേശം. നിയമസഭയില്‍ വനിത ശിശുക്ഷേമ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശമുള്ളത്. എന്‍ എ ഹാരിസിന്റെ നേതൃത്വത്തിലുളള സമിതിയാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടു വെച്ചത്.

കമ്പനികള്‍ രാത്രി ഡ്യൂട്ടിക്ക് പുരുഷന്‍മാരെ നിയോഗിക്കണമെന്നും സമിതി നിര്‍ദേശിക്കുന്നു. 2016 സെപ്തംബറില്‍ സമിതി ഇന്‍ഫോസിസിലെയും ബയോഗോണിലെയും ജീവനക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

എന്നാല്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാറെടുത്ത ചരിത്രപരമായ തീരുമാനത്തിന് വിരുദ്ധമാണ് ഈ റിപ്പോര്‍ട്ട്. രാത്രിജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് മേലുള്ള നിയന്ത്രണം കഴിഞ്ഞ വര്‍ഷം കര്‍ണാടക സര്‍ക്കാര്‍ എടുത്തു കളഞ്ഞിരുന്നു. തൊളിലിടങ്ങളില്‍ സ്ത്രീക്കും പുരുഷനും തുല്യ അവസരങ്ങള്‍ നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് അത്തരമൊരു നീക്കം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്.