ശിക്ഷ ഇളവ്: ജയിൽവകുപ്പിന്റെ പട്ടികയിൽ നിഷാമും ടി.പി വധക്കേസിലെ പ്രതികളും

single-img
23 March 2017

തിരുവനന്തപുരം∙ ജയിൽപുള്ളികൾക്കുള്ള ശിക്ഷാ ഇളവിനായി സർക്കാർ നൽകിയ പട്ടികയിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ ഉൾപ്പെടെയുള്ള കൊടുംകുറ്റവാളികൾ. വിവരാവകാശ നിയമപ്രകാരം ജയിൽ വകുപ്പിൽനിന്നു ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്. ചന്ദ്രബോസ് വധക്കേസിലെ പ്രതി നിഷാമും ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ 11 പ്രതികളും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊടി സുനി, സിജിത്ത്, രാമചന്ദ്രൻ, കുഞ്ഞനന്തൻ, ഷാഫി, രജിഷ് തുടങ്ങിയവരുൾപ്പടെ ആയിരത്തിലധികം പേരാണ് ശിക്ഷായിളവിനുള്ള പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. വാടക കൊലയാളികൾ, ബലാത്സംഗകേസിലെ പ്രതികൾ, കൊടുംകുറ്റവാളികൾ തുടങ്ങിയവർക്കു ജയിൽ ശിക്ഷയിൽ ഇളവ് നൽകരുതെന്ന സുപ്രീം കോടതി വിധി മറികടന്നാണ് ജയിൽ വകുപ്പ് പട്ടിക തയാറാക്കിയിരിക്കുന്നത്.

ടിപി കേസ് പ്രതികളെ കൂടാതെ ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാം, കല്ലുവാതുക്കൽ കേസിലെ മണിച്ചൻ, ഗുണ്ടാനേതാവ് ഒാംപ്രകാശ്, കാരണവർ വധക്കേസ് പ്രതി ഷെറിൻ എന്നിവരുടെ പേരും പട്ടികയിൽ ഉണ്ടായിരുന്നു. നിഷാമിനെ ജയിലിൽ പ്രവേശിപ്പിക്കുന്ന സമയത്ത് കാപ്പ ചുമത്തിയിരുന്നു. എന്നാൽ, സ്പെഷൽ റെമിഷനുള്ള ലിസ്റ്റ് സമർപ്പിക്കുന്ന സമയത്ത് കാപ്പ ഇല്ലായിരുന്നുവെന്നും ജയിൽ വകുപ്പ് നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു.

അതേസമയം ഈ പട്ടിക തന്നെയാണോ സര്‍ക്കാര്‍ അവരുടെ അന്തിമ പരിശോധനയ്ക്ക് ശേഷം ഗവര്‍ണര്‍ക്ക് കൈമാറിയിരിക്കുന്നത് എന്ന് വ്യക്തമല്ല. ജയില്‍ വകുപ്പ് നല്‍കുന്ന പട്ടിക ഡിജിപിയും ഉന്നത ഉദ്യോഗസ്ഥരുമടങ്ങുന്ന ഒരു സമിതി പരിശോധിച്ച ശേഷമാണ് സര്‍ക്കാരിന്റെ അന്തിമപട്ടിക തയ്യാറാക്കുന്നത്. ഇതിനായി 1911 പേരുടെ പട്ടികയായിരുന്നു ഇവര്‍ക്ക് മുന്നിലെത്തിയത്. ഇതില്‍ 61 പേരെ ഒഴിവാക്കി 1850 പേരുടെ പട്ടികയാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയത്.

പ്രതിപക്ഷം നിയമസഭയിൽ അടിയന്തരപ്രമേയമായി ഈ വിഷയം കൊണ്ടുവന്നപ്പോൾ ഈ പറഞ്ഞവരെല്ലാം എങ്ങനെ പുറത്തുവരുമെന്നായിരുന്നു മുഖ്യമന്ത്രി ചോദിച്ചത്. എന്നാൽ മുഖ്യമന്ത്രിയുടെ വാക്കുകൾ തെറ്റായിരുന്നുവെന്ന കാര്യമാണ് വിവരാവകാശ രേഖ വഴി ലഭിച്ച പട്ടികയിലൂടെ വ്യക്തമാകുന്നത്.