സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകര്‍ ജീന്‍സും ടീഷര്‍ട്ടും ധരിച്ച് കുട്ടികളെ പഠിപ്പിക്കേണ്ട; ജോലിയുടെ അന്തസ്സിനൊത്ത വസ്ത്രം ധരിക്കണം യുപിയില്‍ പുതിയ നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍

single-img
23 March 2017

ലക്നൗ : സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സെക്കന്‍ഡറി സ്‌കൂളുകളിലെ അധ്യാപകര്‍ ജീന്‍സും ടീഷര്‍ട്ടുമിട്ട് കുട്ടികളെ പഠിപ്പിക്കേണ്ടെന്ന് ഉത്തര്‍പ്രദേശില്‍ പുതുതായി അധികാരമേറ്റ ബിജെപി സര്‍ക്കാര്‍. ലഖ്‌നൗവിലെ സര്‍ക്കാര്‍ സ്‌കൂള്‍ ആധ്യാപകര്‍ക്കാണ് ആദ്യഘട്ടത്തില്‍ ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഉദ്യോഗത്തിന്റെ അന്തസ്സിനൊത്ത വസ്ത്രങ്ങള്‍ ധരിക്കണമെന്നും ഡിസ്ട്രിക് ഇന്‍സ്‌പെക്ടര്‍ ഓഫ് സ്‌കൂള്‍സ് ഉമേഷ് ത്രിപാഠി ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. സമൂഹത്തിലെ ഏറ്റവും ആദരണീയരായ വിഭാഗമാണ് അധ്യാപകര്‍. ജോലി സമയത്ത് അധ്യാപകര്‍ മൊബൈല്‍ ഫോണുകളില്‍ സംസാരിക്കരുത്. സ്‌കൂള്‍ പരിസരം ശുചിയാക്കി വെക്കണം. സ്‌കൂള്‍ ചുവരില്‍ പാന്‍ മസാല കറ ഇല്ലെന്ന് ഉറപ്പുവരുത്തണം. അധ്യയനം തുടങ്ങും മുമ്പ് എല്ലാ സ്‌കൂളുകളിലും പ്രാര്‍ത്ഥന നിര്‍ബന്ധമാക്കണമെന്നും നിര്‍ദേശമുണ്ട്.

സ്‌കൂളില്‍ ആയിരിക്കുമ്പോള്‍ അധ്യാപകരുടെ കൈവശം പാന്‍ മസാലയോ പുകയിലയോ സിഗരറ്റോ ഉണ്ടാകരുത്. അത്തരം ഉല്‍പ്പന്നങ്ങള്‍ സ്‌കൂള്‍ പരിസരത്ത് വില്‍ക്കുന്നില്ലെന്നും ഉറപ്പ് വരുത്തണം. അങ്ങനെയുണ്ടെങ്കില്‍ അധികൃതരെ അറിയിച്ച് ഷോപ്പുകള്‍ അടപ്പിക്കണം.

വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള പീഡനമുണ്ടായാല്‍ ഉന്നത അധികൃതരേയും അടുത്തുള്ള പൊലീസ് സ്റ്റേഷനേയും അറിയിക്കണമെന്നും അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കി.

സ്‌കൂളുകളില്‍ ജീന്‍സ് ധരിച്ച് വരരുതെന്ന് കഴിഞ്ഞ വര്‍ഷം ഹരിയാനയിലെ ബിജെപി സര്‍ക്കാരും ഉത്തരവിട്ടിരുന്നു. ഇത് വിവാദമാകുകയും ചെയ്തു.