കാണാതായ ജെഎന്‍യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദ് ഐഎസിനെക്കുറിച്ച് സെര്‍ച്ച് നടത്തിയന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ഡല്‍ഹി പോലീസ്

single-img
23 March 2017

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നിന്ന് കാണാതായ നജീബ് അഹ്മദ് ഐഎസില്‍ ചേര്‍ന്നതായ മാധ്യമ വാര്‍ത്തകള്‍ നിഷേധിച്ച് ഡല്‍ഹി പോലീസ്. വാര്‍ത്ത പുറത്തുവിട്ട ടൈംസ് ഓഫ് ഇന്ത്യ തന്നെയാണ് പൊലീസിന്റെ തിരുത്തും പ്രസിദ്ധീകരിച്ചിരിക്കുന്നത്.

എബിവിപി പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ ശേഷം ദുരൂഹ സാഹചര്യത്തിലായിരുന്നു നജീബിന്റെ തിരോധാനം. സംഭവം നടന്ന് ആറു മാസങ്ങള്‍ പിന്നിട്ടുവെങ്കിലും പോലീസും സര്‍ക്കാരും ഇരുട്ടില്‍ തപ്പുകയാണ്. ഇതിനിടെയാണ്, കാണാതാവുന്നതിന് മുമ്പ് ഗൂഗിളില്‍ ഐഎസ് വിഡിയോകളും ആശയങ്ങളും തിരഞ്ഞ നജീബ് നേപ്പാള്‍ വഴി ഭീകരസംഘടനയില്‍ ചേര്‍ന്നതായി സംശയിക്കുന്നതായി അന്വേഷണം സംഘം കോടതിയില്‍ വ്യക്തമാക്കിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍, മാധ്യമങ്ങളിലെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. നജീബിനെതിരെ തങ്ങള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ ഇതുമായി ബന്ധപ്പെട്ട് ഏന്തെങ്കിലും വിവരം പോലീസിന് ലഭിക്കുകയോ ചെയ്തിട്ടില്ല. നജീബിനെ കണ്ടെത്താന്‍ എല്ലാ ശ്രമവും നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നുമാണ് ഡല്‍ഹി പോലീസ് വക്താവും സ്‌പെഷ്യല്‍ കമ്മീഷണറുമായ ദിപേന്ദ്ര പതക് മാധ്യമങ്ങളോട് പറഞ്ഞത്.

ഡിപ്രഷനും ഓസിഡിക്കും അഗാരോഫോബിയയ്ക്കുമുള്ള മരുന്നുകള്‍ക്കൊപ്പം നജീബ് ഉറക്കം കിട്ടാനുള്ള ഗുളികയും കഴിക്കുന്നുണ്ടായിരുന്നുവെന്നും പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ പറയുന്നു.ഹോസ്റ്റലില്‍ നിന്ന് എബിവിപി പ്രവര്‍ത്തകരുമായി സംഘര്‍ഷമുണ്ടാകുന്നതിനു മുമ്പ് നജീബ് ഓട്ടോയില്‍ കയറി പോകുന്ന ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞുവെന്നും അന്നത്തെ റിപ്പോര്‍ട്ടിലുണ്ട്. ഈ വിവരങ്ങള്‍ പൊലീസ് ദില്ലി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും മാധ്യമങ്ങള്‍ പറഞ്ഞിരുന്നു.

അഞ്ച് മാസമായിട്ടും വിദ്യാര്‍ഥിയെക്കുറിച്ച് ഒരു വിവരും ശേഖരിക്കാത്ത അന്വേഷണ സംഘം പൊതുസമൂഹത്തിന്റെ സമയവും പണവും കളയുകയാണെന്നും നജീബ് മരിച്ചിട്ടുണ്ടെങ്കില്‍ അത് വ്യക്തമാക്കണമെന്നും അല്ലെങ്കില്‍ കണ്ടെത്തണമെന്നും കഴിഞ്ഞ ദിവസം ഹൈക്കോടതി പോലീസിനോട് ആവശ്യപ്പട്ടിരുന്നു.