മത സൗഹാര്‍ദം തകര്‍ക്കരുത്; ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പിതാവിന്റെ ഉപദേശം, മുസ്ലിം സ്ത്രീകളും ബിജെപിയ്ക്ക് വോട്ട് ചെയ്തിട്ടുണ്ട്, എല്ലാ മതങ്ങളേയും ബഹുമാനിക്കണം

single-img
22 March 2017

ഡെറാഡൂണ്‍: എല്ലാ മതവിഭാഗങ്ങളെയും തുല്യമായി പരിഗണിച്ച് മുന്നോട്ട് പോകണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പിതാവിന്റെ ഉപദേശം. മുസ്ലിം സ്ത്രീകളും ബിജെപിയ്ക്ക് വോട്ട് ചെയ്തിട്ടുണ്ട് എന്നോര്‍ക്കണമെന്നും യോഗി ആദിത്യനാഥിന്റെ പിതാവ് കൂട്ടിചേര്‍ത്തു. 84 കാരനായ ആനന്ദ് സിങ് ബിഷ്ടയാണ് മുഖ്യമന്ത്രിയായതിന് ശേഷം മകന് മതസൗഹാര്‍ദം തകര്‍ക്കരുത് എന്ന ധ്വനിയിലുള്ള ഉപദേശം നല്‍കിയത്.

എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാന്‍ അവന് സാധിക്കണം. ബുര്‍ഖ ധരിച്ചെത്തിയ സ്ത്രീകളും തനിക്ക് വോട്ട് ചെയ്തിട്ടുണ്ട് എന്ന കാര്യം മറന്നുപോകരുത്. എല്ലാ മതങ്ങളെയും ബഹുമാനിച്ച് എല്ലാവരുടെയും ഹൃദയത്തില്‍ ഇടം നേടാന്‍ സാധിക്കണമെന്നും മുന്‍ ഫോറസ്റ്റ് റേഞ്ചര്‍ കൂടിയായ ആനന്ദ് സിങ് പറഞ്ഞു.

ഇപ്പോള്‍ മകന്റെ ചുമലില്‍ വലിയ ഉത്തരവാദിത്തമാണ് വന്നു ചേര്‍ന്നിരിക്കുന്നതെന്നും സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലുള്ള ജനങ്ങളെയും ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ മുഖ്യമന്ത്രിക്ക് സാധിക്കണമെന്നും അദ്ദേഹം അഭിപ്രായപെട്ടു. മുത്തലാഖിനെതിരായുള്ള ബിജെപി നിലപാട് കണ്ട് മുസ്ലിം സ്ത്രീകള്‍ ബിജെപിയ്ക്ക് വേണ്ടി വോട്ട് ചെയ്തിട്ടുണ്ട്. ഇക്കാര്യം മറന്നു പോകരുതെന്ന് മകനെ ഓര്‍മപെടുത്തുന്നതായിരുന്നു ആനന്ദ് സിങ്ങിന്റെ ഉപദേശം.

പുരോഗതിയുടെയും വികസനത്തിന്റെയും പുതിയ വഴി കെട്ടിപ്പടുക്കാൻ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എല്ലാവരുടെയും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. എല്ലാവര്‍ക്കും വേണ്ടിയുള്ള സര്‍ക്കാരായിരിക്കും തന്റേതെന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രവൃത്തികള്‍ നിലപാടിന് വിരുദ്ധമാണെന്ന് അഭിപ്രായം ഉയരുന്നുണ്ട്.