അജ്മീര്‍ സ്‌ഫോടന കേസില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

single-img
22 March 2017

അജ്മീര്‍ സ്‌ഫോടന കേസില്‍ രണ്ട് പ്രതികള്‍ക്ക് എന്‍.ഐ.എ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രതികളായ ബാവീഷ് പേട്ടല്‍, ദേവേന്ദ്ര ഗുപ്ത എന്നിവര്‍ക്കാണ് ശിക്ഷ. കേസിലെ മറ്റൊരു പ്രതിയായ സുനില്‍ ജോഷി വിചാരണക്കിടെ മരിച്ചിരുന്നു. കേസിലെ പ്രതികളായ സ്വാമി അസീമാന്ദയെയും മറ്റ് രണ്ട് പേരെയും കോടതി നേരത്തെ വെറുതേ വിട്ടിരുന്നു. മൂന്ന് പേരെയാണ് കേസില്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.

2007 ഒക്ടോബര്‍ 11ന് രാജസ്ഥാനിലെ അജ്മീര്‍ ദര്‍ഗയില്‍ സ്‌ഫോടനം നടത്തിയ കേസിലാണ് വിധി. സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ മരിക്കുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ലഷ്‌കര്‍-ഇ-ത്വയിബയാണ് സ്‌ഫോടനത്തിന് പിന്നില്‍ എന്നായിരുന്നു അന്വേഷണസംഘം ആദ്യം പറഞ്ഞിരുന്നത്. ആര്‍.എസ്.എസ്സാണ് സ്‌ഫോടനത്തില്‍ എന്ന് പിന്നീടാണ് തെളിഞ്ഞത്. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 120 (ബി), 295എ, എക്‌സ്‌പ്ലോസീവ് സബ്സ്റ്റന്‍സ് ആക്ടിലെ 3/4, യു.എ.പി.എയിലെ 16, 18 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികളെ ശിക്ഷിച്ചത്. 149 സാക്ഷികളാണ് കേസില്‍ ഉണ്ടായിരുന്നത്. 451 രേഖകളാണ് കേസിനായി പരിശോധിക്കപ്പെട്ടത്.