ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ മദ്യശാലകള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയ സുപ്രീംകോടതി ഉത്തരവ് മറികടന്ന് ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാനുള്ള സര്‍ക്കാർ തീരുമാനം‍;സുധീരന്‍ സുപ്രീംകോടതിയെ സമീപിച്ചു

single-img
21 March 2017

ന്യൂഡല്‍ഹി: ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ മദ്യശാലകള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയ സുപ്രീംകോടതി ഉത്തരവ് മറികടന്ന് ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ കെപിസിസി മുന്‍ പ്രസിഡന്റ് വി.എം. സുധീരന്‍ സുപ്രീംകോടതിയെ സമീപിച്ചു. സര്‍ക്കാരിന്റെ നടപടി കോടതിയലക്ഷ്യമാണെന്നു ചൂണ്ടിക്കാ ട്ടിയ സുധീരന്‍ സുപ്രീംകോടതി ഉത്തരവ് അതേപടി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു.

ബാറുകള്‍ക്കും ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റുകള്‍ക്കും വിധി ബാധകമല്ലെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് പുതുക്കി നല്‍കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്.

വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനു വേണ്ടിയാണ് കോടതി പാതയോരങ്ങളിലെ മദ്യവില്പന ശാലകള്‍ നിരോധിച്ചത്. ഇത് ബാറുകള്‍ക്കും സര്‍ക്കാര്‍ ഔട്ട്ലറ്റുകള്‍ക്കും ബാധകമല്ലെന്ന എജിയുടെ നിയമോപദേശം വിചിത്രമാണ്. ഇത് ഒരു സക്കാരില്‍ നിന്നും പ്രതീക്ഷിക്കാവുന്നതല്ല. ബാറുകള്‍ക്ക് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ മാര്‍ച്ച് 31ന് അവസാനിക്കുന്ന ലൈസന്‍സ് പുതുക്കി നല്‍കാന്‍ ഒരുങ്ങുന്നതെന്നും ഇതു കോടതി ഉത്തരവിന്റെ ലംഘനമാണെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.

പാതയോരങ്ങളിലെ മദ്യശാലകള്‍ നീക്കണമെന്ന ഉത്തരവ് നടപ്പാക്കാന്‍ കൂടുതല്‍ സമയംതേടി അസം, പുതുച്ചേരി സര്‍ക്കാരുകള്‍ നല്‍കിയ ഹര്‍ജികള്‍ ഇന്നലെ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും പരിഗണിച്ചില്ല.

ഇതോടൊപ്പം സുധീരന്റെ ഹര്‍ജിയിലെ ആവശ്യം ഉന്നയിക്കാന്‍ അദ്ദേഹത്തിനു വേണ്ടി അഭിഭാഷകന്‍ കാളീശ്വരം രാജും എത്തിയിരുന്നു. എന്നാല്‍, കേസ് ഇന്നലെ കോടതി പരിഗണിച്ചില്ല.