മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തിന് നടന്‍ അക്ഷയ് കുമാറിന്റെ ധനസഹായം:ഒരോ ജവാന്റെ കുടുംബത്തിനും ഒമ്പത് ലക്ഷം രൂപ വീതം കൈമാറി

single-img
17 March 2017

ന്യൂഡല്‍ഹി: ഛത്തീസ്ഗഢിലെ സുക്മയില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ജവാന്‍മാരുടെ കുടുംബത്തിന് ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന്റെ ധനസഹായം. ആക്രമണത്തില്‍ കൊല്ലപ്പെട്ട ഒരോ ജവാന്റെ കുടുംബത്തിനും ഒമ്പത് ലക്ഷം രൂപ വീതം അദ്ദേഹം വിതരണം ചെയ്തു.

സുക്മയിലുണ്ടായ ആക്രമണത്തിന് ശേഷം അക്ഷയ് കുമാര്‍ വിളിക്കുകയും വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അദ്ദേഹം ജവാന്‍മാരുടെ കുടുംബങ്ങള്‍ക്ക് സഹായം വാഗദാനം ചെയ്യുകയായിരുന്നു വെന്ന് ജെയ്‌സല്‍മേര്‍ സെക്ടറിന്റെ ചുമതലയുള്ള ഡി.ഐ.ജി അമിത് ലോഥ മാധ്യമങ്ങളോട് പറഞ്ഞു.

അക്ഷയ് കുമാറിന് നന്ദി അറിയിച്ച് ഡിഐജി അമിത് ലോധ ട്വീറ്റ് ചെയ്തിട്ടുണ്ട്. സൈനികരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അക്ഷയ് കുമാര്‍ കൂടെക്കൂടെ കാര്യങ്ങള്‍ അന്വേഷിക്കാറുണ്ടെന്നും ലോധ ട്വീറ്റില്‍ കുറിക്കുന്നു.

ഛത്തീസ്ഗഢ് സുഖ്മ ജില്ലയില്‍ സി.ആര്‍.പി.എഫ് ജവാന്‍മാരും മാവോയിസ്റ്റുകളും തമ്മില്‍ മാര്‍ച്ച് 11നുണ്ടായ ഏറ്റുമുട്ടലിലായിരുന്നു 12 അര്‍ധസൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. സി.ആര്‍.പി.എഫിന്റെ 219-ാം ബറ്റാലിയനിലെ ജവാന്‍മായിരുന്നു കൊല്ലപ്പെട്ടത്.