ദേശീയ അവാര്‍ഡില്‍ മികച്ച നടനാകാന്‍ വിനായകനും; മലയാളത്തില്‍ നിന്ന് പത്ത് സിനിമകള്‍

single-img
16 March 2017

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനുള്ള പട്ടികയില്‍ മികച്ച നടനുള്ള വിഭാഗത്തില്‍ സംസ്ഥാന അവാര്‍ഡ് ജേതാവ് വിനായകനും. ദക്ഷിണേന്ത്യന്‍ സിനിമകള്‍ വിലയിരുത്തിയ ജൂറി സമര്‍പ്പിച്ച പട്ടികയിലാണ് വിനായകന്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

വിവിധ ഭാഷകളില്‍ നിന്നായി 380 സിനിമകളാണ് ജൂറിക്ക് മുന്നില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നത്. ഇവയില്‍ നിന്നാണ് അഞ്ച് മേഖലകളില്‍ നിന്നായി വ്യത്യസ്ത ജൂറികളിലൂടെ അവസാന പട്ടിക തയ്യാറാക്കിയിരിക്കുന്നത്.ഈ പ്രാദേശിക ജൂറികള്‍ സമര്‍പ്പിച്ച എന്‍ട്രികളില്‍ നിന്നാകും പ്രിയദര്‍ശന്‍ ചെയര്‍മാനായ ജൂറി ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക.

മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നുമായി പതിനഞ്ച് എന്‍ട്രികളാണ് ജൂറിയ്ക്ക് മുന്നില്‍ എത്തിയിരിക്കുന്നത്. മലയാളം തമിഴ് സിനിമകള്‍ പരിഗണിച്ച ജൂറിയില്‍ മലയാളി സംവിധായകന്‍ ആര്‍.എസ് വിമലും അംഗമായിരുന്നു.

മലയാളത്തില്‍ നിന്ന് മഹേഷിന്റെ പ്രതികാരം, ഒറ്റയാള്‍ പാത, കമ്മട്ടിപാടം കാംബോജി, പിന്നെയും, കട് പൂക്കുന്ന നേരം, ഗപ്പി, മിന്നാമിനുങ് എന്നീ ചിത്രങ്ങളാണ് ദേശീയ ജൂറിയ്ക്ക് മുന്നില്‍ എത്തിയിരിക്കുന്നത്. ഇതിനു പുറമേ റിലീസ് ചെയ്യാത്ത ചില ചിത്രങ്ങളും സമിതിക്കു മുന്നില്‍ എത്തിയതില്‍ ഉള്‍പ്പെടുന്നുണ്ട്.

തമിഴില്‍ നിന്ന് രാജുമുരുകന്‍ സംവിധാനം ചെയ്ത ജോക്കര്‍ മികച്ച ചിത്രത്തിനുള്‍പ്പെടെയുളള എന്‍ട്രികളില്‍ ദേശീയ ജൂറിക്ക് മുന്നിലെത്തിയെന്നാണ് സൂചന. കാര്‍ത്തിക് സുബ്ബരാജിന്റെ ഇരൈവി, ആണ്ടവന്‍ കട്ടാളൈ, ധ്രുവങ്ങള്‍ പതിനാറ്, ശവരക്കത്തി തുടങ്ങിയ സിനിമകള്‍ വിവിധ കാറ്റഗറികളിലായി ദേശീയ ജൂറിക്ക് സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് സൂചനകള്‍.

ദേശീയ അവാര്‍ഡില്‍ ഇത്തവണ കടുത്ത മത്സരമായിരിക്കും ഉണ്ടാവുക.ബോളിവുഡ്, മറാത്തി, തമിഴ് സിനിമകളില്‍ നിന്നുള്ള പ്രകടനങ്ങളുമായിട്ടായിരിക്കും വിനായകന് പ്രധാനമായും മത്സരിക്കേണ്ടി വരിക. ആദമിന്റെ മകന്‍ അബു എന്ന സിനിമയിലെ അഭിനയത്തിന് സലിംകുമാര്‍, പേരറിയാത്തവര്‍ എന്ന സിനിമയിലൂടെ സുരാജ് വെഞ്ഞാറമ്മൂട് എന്നിവരാണ്
മുന്‍ വര്‍ഷങ്ങളില്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയത്.ജയസൂര്യ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനും അര്‍ഹനായിരുന്നു.

മലയാളത്തില്‍ നിന്ന് കഴിഞ്ഞ തവണ എട്ട് എന്‍ട്രികളാണ് പ്രാദേശിക ജൂറി ദേശീയ ജൂറിക്ക് സമര്‍പ്പിച്ചിരുന്നത്. കഴിഞ്ഞ തവണ നാല് പുരസ്‌കാരങ്ങളും പ്രത്യേക ജൂറി പരാമര്‍ശവും മലയാളത്തിന് ലഭിച്ചിരുന്നു. ഇത്തവണ പുരസ്‌കാരങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.