ഇറോം ശര്‍മിള കേരളത്തിലെത്തി; ബി.ജെ.പിയുടെ ജയം പണക്കൊഴുപ്പിന്റെയും കൈയ്യൂക്കിന്റെയും ആണെന്ന് രൂക്ഷ വിമർശനവുമായി ഇറോം

single-img
14 March 2017

പാലക്കാട്: ബി.ജെ.പിയുടെ ജയം പണക്കൊഴുപ്പിന്റെയും കൈയ്യൂക്കിന്റെയും ആണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിള. തെരഞ്ഞെടുപ്പ് വിധി പ്രഖ്യാപനത്തിന് ശേഷം ഇന്ന് കേരളത്തിലെത്തിയ ഇറോം ശര്‍മിള ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്.

മണിപ്പൂരിലെ ജനങ്ങള്‍ പ്രബുദ്ധരാകേണ്ടതുണ്ട്. അതുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ നിന്നും ജനങ്ങള്‍ തന്നെ കൈവിട്ടത്. കേരളത്തിലെ ജനങ്ങള്‍ തന്നെ പിന്തുണക്കുന്നുണ്ട്. അക്കാരണത്താലാണ് അവധിക്കാലം ചെലവഴിക്കാന്‍ ഇങ്ങോട്ട് എത്തിയത്. എല്ലാത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് തനിക്കിപ്പോള്‍ ആവശ്യമെന്നും ഇറോം ശര്‍മ്മിള പറഞ്ഞു.

സാമൂഹിക പ്രവര്‍ത്തകയായ ഉമാപ്രേമന്‍ അട്ടപ്പാടിയില്‍ ആരംഭിച്ച ശാന്തിഗ്രാമത്തിലായിരിക്കും താമസം. രാവിലെ 6.15ന്റെ വിമാനത്തില്‍ കോയമ്പത്തൂരെത്തിയ അവരെ ഉമാപ്രേമന്‍ സ്വീകരിച്ച് അട്ടപ്പാടിയിലെത്തിക്കുകയായിരുന്നു.

മലയാളി സുഹൃത്തുക്കളുടെ ക്ഷണം സ്വീകരിച്ച് കേരളത്തിലെത്തിയ അവര്‍ അട്ടപ്പാടിയിലെ ശാന്തിഗ്രാമത്തിലാണ് അവധിക്കാലം ചിലവഴിക്കുന്നത്. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് ഇറോം അട്ടപ്പാടിയിലേക്ക് യാത്ര തിരിച്ചത്. തന്റെ സമരങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പോയതൊഴിച്ചാല്‍ മണിപ്പൂരിന് പുറത്തേക്ക് പൊതുവേ യാത്ര ചെയ്യാറില്ലാത്ത ശര്‍മിളയുടെ കേരള സന്ദര്‍ശനം രാജ്യവും വളരെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.

16 വര്‍ഷം നീണ്ട നിരാഹാരം അവസാനിപ്പിച്ചാണ് ഇറോം ശര്‍മിള (44) സജീവ രാഷ്ട്രീയത്തിലിറങ്ങിയത്. എന്നാല്‍ തെരഞ്ഞെടുപ്പു തോല്‍വിയെത്തുടര്‍ന്ന് അവര്‍ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി ഇബോബി സിങ്ങിനെതിരെ ഥൗബാല്‍ മണ്ഡലത്തില്‍ മത്സരിച്ച ഇറോം ശര്‍മിളയ്ക്ക് ആകെ നേടാനായത് 90 വോട്ട് മാത്രം. സ്വന്തം പാര്‍ട്ടിയായ പീപ്പിള്‍ റിസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ് പാര്‍ട്ടിയുടെ ബാനറിലാണ് ശര്‍മിള മത്സരിച്ചത്.

തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെ തുടര്‍ന്നാണ് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്നാണ് ഇറോം പ്രഖ്യാപിച്ചത്. ജനങ്ങള്‍ തന്നെ സ്വീകരിച്ചില്ല, ഞാന്‍ തകര്‍ന്നു പോയി, ഞാന്‍ ഈ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് ആറു മാസത്തേക്ക് ആശ്രമത്തിലേക്ക് പോവുകയാണ്, എന്നും ഇറോം ശര്‍മ്മിള തെരഞ്ഞെടുപ്പിന് ശേഷം പ്രതികരിച്ചിരുന്നു.

കൂടാതെ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ തനിക്ക് ലഭിച്ച 90 വോട്ടുകള്‍ക്കുളള നന്ദിയും ഇറോം അറിയിച്ചിരുന്നു. പതിനാറ് വര്‍ഷം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചാണ് ഇറോം ചാനു ശര്‍മിള തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. നിരാഹാര സമരം അവസാനിപ്പിക്കാനുള്ള ശര്‍മിളയുടെ തീരുമാനത്തിനെതിരെ മണിപ്പൂര്‍ ജനത മുഖം തിരിച്ചിരുന്നു. ഇതാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് എന്നും വിലയിരുത്തലുകളുണ്ട്.