ആശുപത്രിയില്‍ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി  കുഞ്ഞിനെ തട്ടിയെടുത്ത യുവതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും

single-img
10 March 2017
പത്തനംതിട്ട: കോഴഞ്ചേരിയിലെ പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ നിന്നു നാലു ദിവസം പ്രായമായ നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോയ അജ്ഞാത യുവതിയെ  കണ്ടത്താനുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി.യുവതിയെ കണ്ടെത്താന്‍  ലുക്ക്ഔട്ട് നോട്ടീസിറക്കുമെന്നും പോലീസ് പറഞ്ഞു.
കുഞ്ഞിനെ ഇന്നു തന്നെ കണ്ടെത്താന്‍ കഴിഞ്ഞേക്കുമെന്നുമാണ്  പോലീസിന്റെ പക്ഷം. ആനപ്പാറ കുലശേഖരംപടി കുന്പഴ മേഖല കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ തെരച്ചില്‍. കുഞ്ഞിനെയുമായി പോയ യുവതി ഈ മേഖലയില്‍ എത്തിയതായാണ് ഒടുവില്‍ പോലീസിനു ലഭിച്ച സൂചന.
 പത്തനംതിട്ട റാന്നി മാടത്തുംപടി കാവുംമൂലയില്‍ പാസ്റ്ററായ സജി ചാക്കോ, അനിത ദമ്പതിമാരുടെ നാല് ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് കാണാതായത്. വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് അച്ഛനില്‍ നിന്നും കുഞ്ഞിനെ വാങ്ങി സ്ത്രീ കടന്നുകളഞ്ഞത്.
 പ്രസവവാര്‍ഡിനു പുറത്തു പിതാവിന്റെ കൈയിലിരുന്ന കുഞ്ഞിനെ പാല്‍ കൊടുക്കാന്‍ സമയമായി അമ്മയെ ഏല്പിക്കാം എന്നു പറഞ്ഞാണ് യുവതി വാങ്ങിയത്. പ്രസവവാര്‍ഡില്‍ നിന്നാണ് ഇവര്‍ വന്നതെന്നും മലയാളത്തിലാണു സംസാരിച്ചതെന്നും സജി പറയുന്നു. രണ്ടു ദിവസമായി ഇവര്‍ ഈ വാര്‍ഡില്‍ ഉണ്ടായിരുന്നു.ഇവരുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു.
30 വയസ് പ്രായം വരുന്ന സ്ത്രീ മാര്‍ച്ച് എട്ടിനും ആശുപത്രിയില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. ശസ്ത്രക്രിയാമുറിയുടെ മുന്നില്‍ നില്‍ക്കുന്നതായാണ് കാണുന്നത്. പിന്നീട് ഉച്ചയ്ക്ക് വന്ന ഇവര്‍ വൈകിട്ട് 5 വരെ അവിടെ പടിയില്‍ ഇരിക്കുന്നുണ്ട്. എട്ടിന് ഇവര്‍ ധരിച്ചിരുന്ന വസ്ത്രമല്ല സംഭവം നടന്ന ഒന്‍പതിന് ദൃശ്യങ്ങളില്‍ കാണുന്നത്.
അതിനാല്‍തന്നെ സമീപത്തെ ലോഡ്ജുകളിലോ മറ്റോ താമസിച്ചാണോ ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നത് എന്നാണ് പോലീസ് പരിശോധിക്കുന്നത്. തുടര്‍ച്ചയായി ആശുപത്രിയില്‍ ഇവര്‍ വന്നതിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
 പ്രസവവാര്‍ഡിന്റെ പിന്‍വശത്തുകൂടി ആശുപത്രിയുടെ പ്രധാന കവാടത്തിലെത്തി ഓട്ടോറിക്ഷയിലാണ് ഇവര്‍ കടന്നുകളഞ്ഞത്. എന്നാല്‍, വ്യാഴാഴ്ച മുഴുവന്‍ തെരച്ചില്‍ നടത്തിയിട്ടും സ്ത്രീയെയോ കുഞ്ഞിനെയോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പലേടത്തുനിന്നു സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയിട്ടും കുഞ്ഞിനെക്കുറിച്ചു യാതൊരു സൂചനയും ലഭിക്കാത്തതു പോലീസിനെയും സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്.