കൂത്താട്ടുകുളത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ ജീപ്പ് മതിലിടിച്ച് മൂന്നു പേര്‍ മരിച്ചു; രണ്ടു കുട്ടികളും ജീപ്പ് ഡ്രൈവറുമാണ് മരിച്ചത്

single-img
6 March 2017

എറണാകുളം: എം.സി റോഡില്‍ കൂത്താട്ടുകുളത്തിനടുത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ ജീപ്പ് മതിലിടിച്ച് ഡ്രൈവറും രണ്ടു വിദ്യാര്‍ത്ഥികളും മരിച്ചു. കൂത്താട്ടുകുളം മേരിഗിരി സ്‌കൂളിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്.

മുത്തോലപുരം സ്വദേശികളായ ആന്‍മരിയ ഷിജി(7),നയന ദിലീപ്(7) ,ജീപ്പ് ഡ്രൈവര്‍ ജോസ് ജേക്കബ് എന്നിവരാണ് മരിച്ചത്. 12 കുട്ടികള്‍ക്ക് പരിക്കേറ്റു. ഇവരെ കോട്ടയം, എറണാകുളം എന്നിവിടങ്ങളിലെ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

രാവിലെ എട്ടരയോടെയാണ് സംഭവം. 15 കുട്ടികളുമായി സ്‌കൂളിലേക്ക് പോവുകയായിരുന്ന ജീപ്പ് ബൈക്ക് യാത്രികനെ ഇടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ജീപ്പിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റ കുട്ടികളെ പുറത്തിറക്കിയത്.