സംഗീതമാണെന്റെ ജീവിതം;പാട്ട് ഒഴിവാക്കി എനിക്ക് മുന്നോട്ടുപോകാനാവില്ല;വിവാഹം വേണ്ടെന്ന് വെച്ചതിനെക്കുറിച്ച് വിജയലക്ഷ്മി

single-img
1 March 2017


വിവാഹശേഷം സംഗീതപരിപാടികള്‍ നടത്തരുതെന്ന് പ്രതിശ്രുതവരന്‍ ആവശ്യപ്പെട്ടതിനാല്‍ ഗായിയ വൈക്കം വിജയലക്ഷ്മി വിവാഹത്തില്‍ നിന്ന് പിന്മാറിയെന്ന വാര്‍ത്ത ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പുറത്തുവന്നത്. ഈ തീരുമാനത്തിന് പിന്തുണയുമായി നിരവധിപ്പേരാണ് രംഗത്തെത്തിയത്. സംഗീതജീവിതത്തിനും വിവാഹത്തിനുമിടയില്‍ ഒരു തീരുമാനം എടുക്കേണ്ടിവന്നപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത ടെന്‍ഷന്‍ അനുഭവിച്ചെന്നും എന്നാല്‍ ആ തീരുമാനം ഉറച്ചതായിരുന്നുവെന്നും വിജയലക്ഷ്മി പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിജയലക്ഷ്മി ജീവിതത്തിലെടുത്ത പ്രധാനപ്പെട്ട തീരുമാനത്തക്കുറിച്ച് പറയുന്നത്.

വിജയലക്ഷ്മിയുടെ വാക്കുകള്‍:

വിവാഹശേഷം പിന്നണി ഗായികയായി പാടരുതെന്നായിരുന്നു സന്തോഷിന്റെ ആവശ്യം. സിനിമയില്‍ നിന്നും മറ്റ് സംഗീത വേദികളില്‍നിന്നും അവസരങ്ങള്‍ തുടര്‍ന്നും ലഭിക്കുമെന്ന് എന്താണുറപ്പെന്നും അതിനാല്‍ ഒരു മ്യൂസിക് ടീച്ചറായി ജോലി നോക്കുന്നതായിരിക്കും നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റിട്ടയര്‍മെന്റിന് ശേഷം പെന്‍ഷനെങ്കിലും കിട്ടുമല്ലോ എന്നും പറഞ്ഞു. പക്ഷേ സംഗീതത്തെ ഒഴിവാക്കി നിര്‍ത്തി എനിക്ക് മുന്നോട്ടുപോകാനാവില്ല. അതാണെന്റെ ജീവിതം. എന്റെ ഹൃദയവും ആത്മാവും സംഗീതത്തിനാണ് ഞാന്‍ നല്‍കിയിട്ടുള്ളത്. ഇപ്പോള്‍ എന്താണോ ഞാന്‍ അതിലേക്ക് എത്തിച്ചത് സംഗീതമാണ്. അതിനാല്‍ സംഗീതമോ വിവാഹമോ ഏതെങ്കിലും ഒന്ന് സ്വീകരിക്കാമെന്ന് തീരുമാനം എടുക്കേണ്ടിവന്നപ്പോള്‍ സംഗീതം തെരഞ്ഞെടുത്തു.

ഒരു തീരുമാനമെടുക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും മാതാപിതാക്കള്‍ തനിക്ക് നല്‍കിയിരുന്നതായും പറയുന്നു വിജയലക്ഷ്മി. “എല്ലാ മനുഷ്യര്‍ക്കുമുണ്ട് അവരുടേതായ സ്വപ്‌നങ്ങള്‍. വിവാഹം കഴിച്ചതിന്റെ പേരില്‍ പെണ്‍കുട്ടികള്‍ അവരുടെ സ്വപ്‌നങ്ങള്‍ മാറ്റിവെക്കേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.” അവര്‍ പറയുന്നു. കാഴ്ചാ വൈകല്യം പരിഹരിക്കാനുള്ള ചികിത്സയില്‍ പുരോഗതിയുണ്ടെന്നും വിജയലക്ഷ്മി പറഞ്ഞു.