ഒറ്റ റോക്കറ്റിൽ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച ഇന്ത്യയുടെ നേട്ടം തങ്ങളേയും ഞെട്ടിച്ചെന്ന് അമേരിക്ക;മറ്റൊരു രാജ്യത്തിന്റെ പിന്നിൽ ഇഴയേണ്ട അവസ്ഥ വരുന്നത് അമേരിക്കയ്ക്ക് താങ്ങാനാവില്ല

single-img
1 March 2017

വാഷിംഗ്ടൺ: ഒറ്റ റോക്കറ്റിൽ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച ഇന്ത്യയുടെ ബഹിരാകാശ സ്ഥാപനമായ ഐ.എസ്.ആർ.ഒയുടെ നേട്ടം തങ്ങളെ ഞെട്ടിച്ചെന്ന് അമേരിക്ക.
ഇന്ത്യയുടെ അപൂർവ നേട്ടം എല്ലാതരത്തിലും ഞെട്ടിച്ചു. താരതമ്യേന ഭാരം ചെറുതും എന്നാൽ വ്യത്യസ്ത പ്രവർത്തനരീതിയുമുള്ള ഉപഗ്രഹങ്ങളാണ് ഇന്ത്യ ഭ്രമണപഥത്തിലെത്തിച്ചത്.ഇത് കേവലം ചെറിയൊരു നേട്ടമല്ല. 104 ഉപഗ്രഹങ്ങൾ എന്നതിനെക്കാൾ 104 പ്ളാറ്റ്ഫോം എന്നാണ് താനിതിനെ കാണുന്നതെന്നും യു.എസിന്റെ നാഷണൽ ഇന്റലിജൻസിന്റെ നിയുക്ത ഡയറക്ടറും മുൻ സെനറ്റർ ഡാൻ കോട്സ് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

മറ്റൊരു രാജ്യത്തിന്റെ പിന്നിൽ ഇഴയേണ്ട അവസ്ഥ വരുന്നത് അമേരിക്കയ്ക്ക് ഒരിക്കലും താങ്ങാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫെബ്രുവരി 16നാണു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണത്തറയിൽനിന്ന് ഉപഗ്രഹങ്ങളുമായി പിഎസ്എൽവി–സി 37 റോക്കറ്റ് സെഞ്ചുറിക്കുതിപ്പ് നടത്തിയത്.തദ്ദേശീയമായി വികസിപ്പിച്ച കാർട്ടോസാറ്റ് -2ഡി, ഐഎൻഎസ് 1എ, ഐഎൻഎസ് 1ബി എന്നിവയും 101 വിദേശ ഉപഗ്രഹങ്ങളുമാണു വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചത്. 1378 കിലോഗ്രാമാണ് ആകെ ഭാരം. പ്രധാന ഉപഗ്രഹമായ കാർട്ടോസാറ്റ് 2 ന്റെ മാത്രം ഭാരം 714 കിലോഗ്രാം. ലോകത്ത് ആദ്യമായാണു നൂറിലധികം ഉപഗ്രഹങ്ങൾ ഒരുമിച്ചു വിക്ഷേപിക്കുന്നത്. നേരത്തേ റഷ്യ 37 ഉപഗ്രഹങ്ങൾ ഒന്നിച്ചു ബഹിരാകാശത്തേക്ക് അയച്ചിരുന്നു. യുഎസ് 29 എണ്ണവും വിക്ഷേപിച്ചിട്ടുണ്ട്.