പ്രതിഷേധക്കടലായി ഡെല്‍ഹി യൂണിവേഴ്സിറ്റി ക്യാമ്പസ്: രാംജാസ് കോളേജ് അക്രമത്തിനെതിരെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും മാര്‍ച്ച് ചെയ്തു

single-img
28 February 2017

ramjas college.du students,protest marchഡല്‍ഹി: രാംജാസ് കോളജിലെ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നേരേ എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹി സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികള്‍ ‘യുണൈറ്റഡ് യൂണിവേഴ്സിറ്റി കമ്മ്യൂണിറ്റീസ് മാര്‍ച്ച്’ എന്നപേരില്‍ സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനത്തില്‍ ഡല്‍ഹി, ജാമിയ,ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലകളില്‍ നിന്നായി ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പങ്കെടുത്തു. ഖല്‍സാ കോളജ് ക്യാമ്പസില്‍ നിന്നും ആരംഭിച്ച പ്രതിഷേധമാര്‍ച്ച് സര്‍വ്വകലാശാലാ ക്യാമ്പസിലെ ആര്‍ട്സ് ഫാക്കല്‍ട്ടി കെട്ടിടത്തിനു മുന്നില്‍ അവസാനിച്ചു.

സി പി ഐ (എം) ജനറല്‍ സെക്രട്ടറിയും രാജ്യസഭാ എം പിയുമായ സീതാറാം യെച്ചൂരി, സി പി ഐ നേതാവും രാജ്യസഭാ എം പിയുമായ ഡി രാജ, ജനതാ ദള്‍ യുണൈറ്റഡ് നേതാവ്  കെ സി ത്യാഗി, സ്വരാജ് ഇന്ത്യാ നേതാവ് യോഗേന്ദ്ര യാദവ് തുടങ്ങി നിരവധി നേതാക്കള്‍ പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്തു. ജെ എന്‍ യു വിദ്യാര്‍ത്ഥി കനയ്യകുമാര്‍, ജെ എന്‍ യു എസ് യു വൈസ് പ്രസിഡന്റ് അമല്‍ പി പി, എ ഐ എസ് ഏ നേതാവും ജെ എന്‍ യു വിദ്യാര്‍ത്ഥിനിയുമായ ഷെഹ്ലാ റാഷിദ്,, എസ് എഫ് ഐ ഡല്‍ഹി സംസ്ഥാനക്കമ്മിറ്റി സെക്രട്ടറിയായ പ്രശാന്ത് മുഖര്‍ജി തുടങ്ങി നിരവധി വിദ്യാര്‍ത്ഥി നേതാക്കളും പങ്കെടുത്തിരുന്നു.

ബൌദ്ധികമായ ശേഷി കൊണ്ട് ജയിക്കാന്‍ കഴിയാതെ വരുമ്പോള്‍ എ ബി വി പിക്കാര്‍ ആ കുറവിനെ അക്രമം കൊണ്ട് പരിഹരിക്കുകയാണെന്നു സീതാറാം യെച്ചൂരി ആരോപിച്ചു. മാര്‍ച്ചിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. “നമ്മുടെ ദേശീയതയുടെ അടിസ്ഥാനം നമ്മളെല്ലാം ഇന്ത്യാക്കാരാണെന്നതാണു. അല്ലാതെ ആരാണു ഹിന്ദു എന്നതല്ല,” യെച്ചൂരി പറഞ്ഞു.

ഇതു ഭരണഘടനാപരമായ അവകാശങ്ങള്‍ക്കു വേണ്ടിയുളള സമരമാണെന്നും ഡല്‍ഹി സര്‍വ്വകലാശാലയില്‍ നടന്ന അക്രമം പാര്‍ലമെന്റില്‍ ഒരു വിഷയമായി ഉയര്‍ത്തുമെന്നു ഡി രാജ പറഞ്ഞു.

ramjas college.du students,protest march

“നമ്മള്‍ ദേശീയതയെ മനസ്സിലാക്കുന്നതു ഭഗത്സിംഗില്‍ നിന്നാണ്. അല്ലാതെ നാളിതുവരെ തങ്ങളുടെ സംഘടനാ ആസ്ഥാനത്ത് ദേശീയപതാക ഉയര്‍ത്താത്തവരുടെ പിന്മുറക്കാരില്‍ നിന്നല്ല,” ആര്‍ എസ് എസിനെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട് യോഗേന്ദ്ര യാദവ് പറഞ്ഞു. “നമ്മള്‍ അക്രമം പ്രവര്‍ത്തിക്കുകയോ മറ്റുള്‍ളാവരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയോ ചെയ്യരുത്. ഈ സമരം ലെഫ്റ്റും റൈറ്റും തമ്മിലല്ല മറിച്ചു റോംഗും റൈറ്റും തമ്മിലാണു,” അദ്ദേഹം കൂടിച്ചേര്‍ത്തു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍ എസ് യു ഐ പ്രത്യേകമായി ദീപശിഖാ റാലിയും ഏകദിന നിരാഹാരസമരവും നടത്തി.

നോട്ടു നിരോധനത്തിനു ശേഷം മോദി ‘സുബാന്‍ ബന്ധി’( നാക്കു നിരോധനം) നടപ്പാക്കുകയാണെന്നു കോണ്‍ഗ്രസ്സ് നേതാവ് രണ്‍ദീപ് സുര്‍ജ്യെവാല അഭിപ്രായപ്പെട്ടു.

അധ്യാപകരും വിദ്യാര്‍ത്ഥികളും ഒറ്റക്കെട്ടായി നടത്തിയ പ്രതിഷേധറാലിയില്‍ ‘ഏ ബി വി പി ഗോ ബാക്ക്’ തുടങ്ങിയ മുദ്രാവാക്യം വിളികള്‍ മുഴങ്ങിക്കേള്‍ക്കുന്നുണ്ടായിരുന്നു.

“അവര്‍ ഗുരുവിനെ ദൈവമായി കാണുന്ന സംസ്കാരത്തിന്റെ വക്താക്കളാണെന്നാണു സ്വയം അവകാശപ്പെടുന്നതു. എന്നാല്‍ എന്റെ അധ്യാപകനെ അവര്‍ വളഞ്ഞിട്ടു മര്‍ദ്ദിക്കുന്ന കാഴ്ച്ച എനിക്കു മറക്കാന്‍ കഴിയില്ല,” അയന്‍ മൃണാല്‍ എന്ന വിദ്യാര്‍ത്ഥി പറഞ്ഞു. രാംജാസ് കോളേജിലെ ചരിത്രവിഭാഗത്തില്‍ ബിരുദവിദ്യാര്‍ത്ഥിയായ അയന്‍ തന്റെ കോളേജിന്റെ പ്രതിനിധിയായാണു റാലിയെ അഭിസംബോധന ചെയ്തത്. താന്‍ ഒരു സംഘടനയുടെയും വക്താവല്ലെന്നും കണ്മുന്നില്‍ക്കണ്ട അക്രമത്തിന്റെ ഭീകരതയാണു തന്നെ ഈ സമരത്തിന്റെ ഭാഗമാക്കിയതെന്നും അയന്‍ ഇ വാര്‍ത്തയോടു പറഞ്ഞു.

രാംജാസ് കോളജിലെ ഇംഗ്ലീഷ് വിഭാഗം ഇക്കഴിഞ്ഞ 21-ആം തീയതി സംഘടിപ്പിച്ച ‘കള്‍ച്ചേഴ്സ് ഓഫ് പ്രൊട്ടസ്റ്റ്’ എന്ന പേരിലുളള ദ്വിദിന സെമിനാര്‍ തടായാന്‍ ശ്രമിച്ച എബിവിപി പ്രവര്‍ത്തകരാണു വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരേ അക്രമം അഴിച്ചു വിട്ടത്. സമൂഹത്തിലെ വിവിധ തുറകളീല്‍ നിന്നുളള വിമത ശബ്ദങ്ങളെക്കുറിച്ചുളള ഒരു പഠനശിബിരമായിരുന്നു ഈ സെമിനാറ് ലക്ഷ്യമിട്ടത്. ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ ഉമര്‍ ഖാലിദ് അവതരിപ്പിക്കുന്ന ‘ആദിവാസി മേഖലകളില്‍ നടക്കുന്ന അക്രമങ്ങള്‍’ എന്ന വിഷയത്തിലൂനിയ സംഭാഷണം ഈ സെമിനാറിന്റെ ഒരു ഭാഗമായിരുന്നു. ഉമര്‍ ഖാലിദ് വരുന്നതിനെ എതിര്‍ത്ത എബിവിപി പ്രവര്‍ത്തകര്‍ ഉമര്‍ പിന്മാറിയിട്ടും സെമിനാറില്‍ പങ്കേടുക്കുന്ന വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരേയും സെമിനാര്‍ ഹാളില്‍ പൂട്ടിയിടുകയും ചെയ്തു. അതിനു ശേഷം നടന്ന സംഭവവികാസങ്ങളാണ് അക്രമത്തില്‍ കലാശിച്ചത്. ഏബിവിപി പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളേയും അദ്ധ്യാപകരേയും കല്ലെറിയുകയും മര്‍ദ്ദിക്കുകയും ചെയ്തു. നിരവധിപേര്‍ക്ക്  ഗുരുതരമായി പരിക്കേറ്റു. പിറ്റേ ദിവസം ഇതില്‍ പ്രതിഷേധിച്ചു മാര്‍ച്ച് നടത്തിയ വിദ്യാര്‍ത്ഥികളെയും എബിവിപി പ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിച്ചിട്ടും ഡല്‍ഹി പോലീസ് നോക്കിനില്‍ക്കുകയാണു ചെയ്തതെന്നു വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

ക്യാമ്പസില്‍ നടന്ന അക്രമസംഭവങ്ങള്‍ക്കെതിരേ പ്രതിഷേധിച്ചതിന്റെ പേരില്‍ എബിവിപി പ്രവര്‍ത്തകരില്‍ നിന്നും നിരന്തരമായി ഭീഷണിയും സൈബര്‍ ആക്രമണങ്ങളും നേരിട്ട ഗുര്‍മേഹര്‍ കൌര്‍ സമരങ്ങളില്‍ നിന്നും വിട്ടു നിന്നു. കാര്‍ഗ്ഗില്‍ രക്തസാക്ഷിയായ സൈനികന്റെ മകളായ ഗുര്‍മെഹറിനെ എബിവിപി പ്രവര്‍ത്തകര്‍ ബലാത്സംഗം ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയതായാണു ആരോപണങ്ങള്‍. ഭീഷണികളില്‍ മാം മടുത്ത് താന്‍ പ്രതിഷേധങ്ങളില്‍ നിന്നും പിന്മാറുകയാണെന്നു ഗുര്‍മെഹര്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. എന്നാല്‍ എബിവിപി പ്രവര്‍ത്തകരാരും തന്നെ ഗുര്‍മെഹറിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെനും സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും എബിവിപി നേതൃത്വം ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥികള്‍ പ്രതിഷേധറാലിയുടെ ഭാഗമായി പുറത്തിറക്കിയ നോട്ടീസ് അവസാനിക്കുന്നതിങ്ങനെയാണു:

“ഈ ഗുണ്ടകള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു നമ്മെ നിശബ്ദരാക്കാന്‍ നോക്കുകയാണു.ഈ വിപ്ലവകരമായ ഒത്തൊരുമയിലൂടെ ഉദിച്ചുവരുന്ന സൂര്യനെ നമുക്കീ കറുത്ത മേഘങ്ങള്‍ക്കിടായില്‍ നിന്നും പുറത്തുകൊണ്ടുവരാം. സര്‍വ്വകലാശാലയുടെ തെരുവുകളില്‍ പാട്ടു പാടിയും മുദ്രാവാക്യങ്ങള്‍ മുഴക്കിയും ‘ക്യാമ്പസ് നമ്മുടേതാണെന്നും എബിവിപി ഗുണ്ടകളുടേതല്ലെന്നും’ നമുക്കു ഉറക്കെ പ്രഖ്യാപിക്കാം.”