പള്‍സര്‍ സുനിക്കുവേണ്ടി ഹാജരാകുന്നത് അഡ്വ. ബി.എ ആളൂര്‍. പോലീസിന്റെ കസ്റ്റഡി ആവശ്യം കോടതി ഇന്ന് പരിഗണിക്കും.

single-img
25 February 2017


കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനിക്കു വേണ്ടി അഡ്വ. ബിജു ആന്റണി ആളൂര്‍ ഹാജരാകും. പ്രധാന പ്രതികളായ പള്‍സര്‍ സുനിയെയും വിജീഷിനെയും കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.
അതെസമയം പ്രതികളെ കസ്റ്റഡിയില്‍ കിട്ടണമെന്ന പോലീസിന്റെ ആവശ്യം എതിര്‍ക്കുമെന്ന് ആളൂര്‍ പറഞ്ഞു. 2011ല്‍ സൗമ്യ വധക്കേസലെ പ്രതി ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരായ വ്യക്തിയാണ് അഡ്വ. ബിഎ ആളൂര്‍. അന്നു തന്നെ ഇദ്ദേഹം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. പിന്നീട് കഴിഞ്ഞവര്‍ഷം ഏറെ വിവാദമുണ്ടാക്കിയ ജിഷ വധക്കേസിലെ പ്രതിക്ക് വേണ്ടിയും ഇദ്ദേഹം ഹാജരായി. സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ്്നായരും ആളൂരിന് വക്കാലത്ത് നല്‍കിയിരുന്നു.
ഇന്നലെ ഉച്ചയ്ക്കു സുനില്‍കുമാറിനെയും കൂട്ടുപ്രതി തലശേരി സ്വദേശി വിജീഷിനെയും അന്വേഷണ സംഘം ആലുവ മജിസ്‌ട്രേട്ടിന്റെ വസതിയില്‍ നേരിട്ടു ഹാജരാക്കിയാണ് റിമാന്‍ഡ് ചെയ്തത്. ആദ്യഘട്ട ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കി ഇന്നലെ പുലര്‍ച്ചെ പ്രതികളുടെ സാന്നിധ്യത്തില്‍ അന്വേഷണ സംഘം തെളിവെടുപ്പു നടത്തിയിരുന്നു.

എന്നാല്‍ സുനി എറിഞ്ഞു കളഞ്ഞെന്നു പറയുന്ന ഫോണ്‍ കണ്ടുകിട്ടാത്ത സാഹചര്യത്തിലാണ് പ്രതിയെ 10 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പട്ട് പോലീസ് ഹര്‍ജി നല്‍കിയത്.