പിങ്ക് പോലീസിന്റെ സദാചാര ഗുണ്ടായിസത്തിനിരയായ വിഷ്ണുവും ആരതിയും വിവാഹിതരായി

single-img
24 February 2017

തിരുവനന്തപുരം: മ്യൂസിയം പരിസരിച്ച് സംസാരിച്ചിരുന്നതിന്റെ പേരില്‍ പോലീസിന്റെ സദാചാര ഗുണ്ടായിസത്തിനിരയായ വിഷ്ണുവും ആരതിയും വിവാഹിതരായി. ഇരുവരും തിരുവനന്തപുരം സ്വദേശികളാണ്. ഇന്ന് ഉച്ചക്ക് വെള്ളയമ്പലത്ത് വെച്ച് വിവാഹിതരായി എന്നാണ് അറിയാന്‍ സാധിച്ചത്. കൂട്ടുകാര്‍ക്കൊപ്പം ഇന്ന് കനകക്കുന്നിലെത്തി അവര്‍ കേക്ക് മുറിച്ച് ആഘോഷിച്ചിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച മ്യൂസിയം കോമ്പൗണ്ടില്‍ ഒന്നിച്ചിരുന്നതിന്റെ പേരില്‍ സദാചാര ലംഘനമാരോപിച്ച് പിങ്ക് പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് സ്‌റ്റേഷനിലേക്ക് ഇരുവരുടേയും രക്ഷിതാക്കളെ വിളിച്ച് വരുത്തി. എന്നാല്‍ ഇരുവരുടെയും വിവാഹം നിശ്ചയിച്ചതാണെന്നും തങ്ങള്‍ക്ക് പരാതിയില്ലെന്നും വീട്ടുകാര്‍ പറഞ്ഞതിതുടര്‍ന്ന് ഇവരെ വിട്ടയക്കുകയായിരുന്നു.

എന്നാല്‍ പൊതുസ്ഥലത്ത് മോശം സാഹചര്യത്തില്‍ കാണപ്പെട്ട യുവാവിനോടും യുവതിയോടും അവിടെ നിന്നും പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ വനിതാ പോലീസിനോട് തട്ടിക്കയറിയെന്നും, അതുകൊണ്ടാണു പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയതെന്നുമാണു മ്യൂസിയം എസ് ഐ പറഞ്ഞിരുന്നത്. അവരുടെ പേരില്‍ നിലവില്‍ കേസ്സൊന്നും ചാര്‍ജ്ജ് ചെയ്തിട്ടില്ല.

സദാചാര പോലീസ് ഇടപെട്ട് ഇരുവരുടെയും വിവാഹം നേരത്തെയാക്കിയെന്ന്് ആക്ഷേപിച്ച് സോഷ്യല്‍മീഡിയയിലും പോസ്റ്റുകള്‍ വന്നുതുടങ്ങി.