പള്‍സര്‍ സുനിയുടെ അറസ്റ്റില്‍ നടിക്ക് ആശ്വാസമെന്ന് രമ്യാ നമ്പീശന്‍, മുഴുവന്‍ സ്ത്രീകള്‍ക്കും നീതി ലഭിക്കുന്ന സംഭവമായി ഇത് മാറണമെന്നാണ് അവള്‍ ആഗ്രഹിക്കുന്നത്.

single-img
24 February 2017

കൊച്ചി: പ്രമുഖ നടിയെ പീഡിപ്പിച്ച സംഭവത്തിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റിലായത് നടിക്ക് ആശ്വാസം നല്‍കുന്നു എന്ന് നടിയുടെ അടുത്ത കൂട്ടുകാരിയായ രമ്യാ നമ്പീശന്‍ പറഞ്ഞു.
പള്‍സര്‍ സുനിയുടെ അറസ്റ്റ് വൈകുന്നതില്‍ നടിക്ക് ആശങ്കയുണ്ടായിരുന്നെന്നും തനിക്കുണ്ടായ അനുഭവം മുഴുവന്‍ സ്ത്രീകള്‍ക്കും നീതി ലഭിക്കുന്ന സംഭവമായി മാറണമെന്നാണ് അവള്‍ ആഗ്രഹിക്കുന്നതെന്നും രമ്യാ നമ്പീശന്‍ പറഞ്ഞു. അപകടത്തിന്റെ ആഘാതത്തില്‍ നിന്നും അവള്‍ മുക്തയായി വരികയാണെന്നും രമ്യ കൂട്ടിച്ചേർത്തു.

നീതി ലഭിക്കുന്നതുവരെ പോരാടാനാണ് അവള്‍ തീരുമാനിച്ചിരിക്കുന്നത്. അതിന് എല്ലാ പിന്തുണയുമായി ഞങ്ങള്‍ സുഹൃത്തുക്കള്‍ അവള്‍ക്കൊപ്പമുണ്ടാകും.

സുഹൃത്തുക്കളും പൊതു സമൂഹവും അവള്‍ക്കൊപ്പം നിലയുറയ്ക്കുന്നതും അവള്‍ക്ക് ആശ്വാസം നല്‍കുന്നു. അത് അവളെ കൂടുതല്‍ ധൈര്യവതിയാക്കുന്നുണ്ടെന്നും രമ്യ പറയുന്നു. സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നോ എന്ന കാര്യം ഇപ്പോള്‍ പറയുന്നില്ലെന്നും രമ്യ പറഞ്ഞു.

നടിയെ ഭീക്ഷണിപ്പെടുത്താനാണ് ക്വട്ടേഷനെന്ന് പറഞ്ഞതെന്നും ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്യുകയായിരുന്നു ലക്ഷ്യമെന്നും സുനില്‍ പോലീസിനോട് പറഞ്ഞിരുന്നു. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍ അതിനുതക്ക തെളിവുകളൊന്നും സുനിയില്‍ നിന്നും പോലീസിന് ലഭിച്ചിട്ടില്ല.