ഗതാഗത നിയമലംഘനത്തിന് പിഴ ഈടാക്കി;പോലീസുകാരനെ ബി.ജെ.പി എം.എല്‍.എയുടെ ഭര്‍ത്താവും കൂട്ടരും ക്രൂരമായി മര്‍ദിച്ചു

single-img
21 February 2017

കോട്ട: രാജസ്ഥാനിൽ ബിജെപി എംഎൽഎയുടെ ഭർത്താവ് പോലീസുകാരെ മർദിച്ചത് വിവാദമാകുന്നു. ഗതാഗത നിയമലംഘനത്തിന് പിഴ ഈടാക്കിയ പോലീസുകാരനെയാണു ബി.ജെ.പി എം.എല്‍.എയുടെ ഭര്‍ത്താവും കൂട്ടരും ക്രൂരമായി മർദ്ദിച്ചത്.ബി.ജെ.പി എം.എല്‍.എ ചന്ദ്രകാന്ത മെഗ്‌വാളിന്റെ ഭര്‍ത്താവ് നരേഷ് മെഗ്‌വാളാണ് തന്നെ മര്‍ദിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു.

ബി.ജെ.പി പ്രവര്‍ത്തകന് നല്‍കിയ ട്രാഫിക് പിഴ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നരേഷ് മെഗ് വാളിന്റെ നേതൃത്വത്തില്‍ ഒരുകൂട്ടം പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തുകയും പോലീസുകാരുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. ഇതിനിടെ നരേഷ് പോലീസ് ഉദ്യോഗസ്ഥനെ അടിക്കുകയായിരുന്നു. പ്രശ്‌നം കൈയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ മറ്റു പോലീസുകാര്‍ ലാത്തിവീശി പ്രവര്‍ത്തകരെ ഓടിച്ചു. എന്നാല്‍ പോലീസുകാര്‍ക്കു നേരെ കല്ലെറിഞ്ഞ് പ്രവര്‍ത്തകര്‍ തിരിച്ചടിച്ചു.

പ്രവര്‍ത്തകര്‍ പോലീസുകാരെ കൈയ്യേറ്റം ചെയ്തുവെന്നും അവര്‍ക്ക് പരിക്കുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.അതേസമയം പ്രശ്നം വലുതാകുന്നത് തടയാൻ ബിജെപി നേതാക്കളുമായി പോലീസ് ഉദ്യോഗസ്ഥർ ചർച്ചനടത്തി. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും മുഖ്യമന്ത്രിക്ക് ഇതേക്കുറിച്ച് വിശദീകരണം നൽകിയതായും രാജസ്ഥാൻ മന്ത്രി രജേന്ദ്ര റാത്തോർ അറിയിച്ചു.