‘സഖാവെ, പ്രമുഖ നടിക്ക് മാത്രമല്ല ഞങ്ങള്‍ക്കും പുറത്തിറങ്ങി നടക്കണം’; കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റിനു കീഴില്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ അക്രമത്തിനിരയായ വിദ്യാര്‍ത്ഥിനി സൂര്യഗായത്രി

single-img
21 February 2017

കൊച്ചിയില്‍ അക്രമത്തിനിരയായ പ്രസിദ്ധ സിനിമാനടിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറിയോട് തങ്ങള്‍ക്കും സുരക്ഷ വേണമെന്ന് യൂണിവേഴ്‌സിറ്റി കോളെജില്‍ നടന്ന എസ്എഫ്‌ഐയുടെ സദാചാര ഗുണ്ടാ ആക്രമണത്തിൽ ഇരയായ വിദ്യാര്‍ത്ഥിനി സൂര്യ ഗായത്രി.നടി അക്രമത്തിനിരയായ സംഭവത്തിൽ അക്രമകാരികളെ പിടികൂടാനും ശിക്ഷാനടപടികള്‍ക്കു വിധേയമാക്കാനുമുള്ള എന്ത് സഹായവും തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുമന്നും ആ പെണ്‍കുട്ടിക്ക് ധൈര്യപൂര്‍വ്വം മുന്നോട്ടുപോകാനുള്ള കരുത്തായി സിപിഎം ഉണ്ടാവുനെന്നും ഉറപ്പ് നല്‍കികൊണ്ടുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനാണ് സൂര്യഗായത്രി പ്രതികരിച്ചത്.

അഴീക്കല്‍ സദാചാരത്തെക്കുറിച്ചും പ്രമുഖ നടിക്ക് വേണ്ടിയും നിലപാടുകള്‍ എടുത്തതില്‍ സന്തോഷമുണ്ടെന്നും പക്ഷേ എന്തുകൊണ്ടാണ് സഖാവേ എകെജി സെന്ററില്‍ നിന്നു നോക്കിയാല്‍ കാണുന്ന, സെക്രട്ടറിയേറ്റിനു സമീപമുള്ള തലസ്ഥാന നഗരിയിലെ തലയടുപ്പുള്ള കോളേജിനെ കുറിച്ച് ഒന്നും മിണ്ടാത്തതെന്നും ചോദിച്ചുകൊണ്ടാണ് സൂര്യഗായത്രിയുടെ കമന്റ്. അന്വേഷിച്ച് നടപടിയെടുക്കും എന്നൊരു വാക്കു തന്നെ ഇടതുപക്ഷസഹയാത്രിയായ തനിക്ക് ആശ്വാസമാണെന്നും സൂര്യഗായത്രി പറയുന്നു.

യൂണിവേഴ്‌സിറ്റി കോളെജില്‍ നടന്ന എസ്എഫ്‌ഐയുടെ സദാചാര ഗുണ്ടാ ആക്രമണത്തില്‍ സൂര്യഗായത്രി, അഷ്മിത, ഇവരുടെ സുഹൃത്തായ ജിജീഷ് എന്നിവര്‍ക്ക് മര്‍ദനമേറ്റിരുന്നു. പെണ്‍കുട്ടികള്‍ക്കൊപ്പം ജിജീഷ് ഇരിക്കുന്നതിലുള്ള വാക്ക് തര്‍ക്കമാണ് അക്രമത്തിലെത്തിയത്. സംഭവം വിവാദമായെങ്കിലൂം ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

സൂര്യഗായത്രിയുടെ കമന്റിന്റെ പൂര്‍ണരൂപം

സഖാവേ, ഇതു പോലെ ഞങ്ങള്‍ക്കും ഭീതി കൂടാതെ നിവര്‍ന്നു നടക്കണം.ഞങ്ങള്‍ പെണ്‍കുട്ടികളുടെ വാക്കുകേട്ട് അവരെയുടനെ ശിക്ഷിക്കണമെന്നല്ല. സമഗ്രമായ ഒരു അന്വേഷണം നടത്താനെങ്കിലും തയ്യാറാവണം സഖാവേ.എങ്കില്‍ തീര്‍ച്ചയായും സത്യം മനസ്സിലാകും. അഴീക്കല്‍ സദാചാരത്തെകുറിച്ചും പ്രമുഖ നടിക്ക് വേണ്ടിയും നിലപാടുകള്‍ എടുത്തതില്‍ സന്തോഷമുണ്ട്.. പക്ഷേ എന്തുകൊണ്ടാണ് സഖാവേ എകെജി സെന്ററില്‍നിന്നു നോക്കിയാല്‍ കാണുന്ന, സെക്രട്ടറിയേറ്റിനു സമീപമുള്ള തലസ്ഥാന നഗരിയിലെ തലയെടുപ്പുള്ള യൂണിവേഴ്‌സിറ്റി കോളേജിനെ കുറിച്ച് ഒന്നും മിണ്ടാത്തത്? അന്വേഷിച്ച് നടപടിയെടുക്കും എന്നൊരു വാക്കു തന്നെ ഇടതുപക്ഷസഹയാത്രികയായ എനിക്ക് ആശ്വാസമാണ്. ഈ സര്‍ക്കാരില്‍ ഞങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്നതില്‍ തെറ്റുണ്ടോ സഖാവേ?

കൊച്ചിയില്‍ അക്രമത്തിനിരയായ പ്രസിദ്ധ സിനിമാനടിയോട് ഇന്ന് ടെലിഫോണില്‍ സംസാരിച്ചു. അവരെ ആശ്വസിപ്പിച്ചു. വിശദാംശങ്ങള്‍…

Posted by Kodiyeri Balakrishnan on Monday, February 20, 2017