ഇന്ത്യക്ക് ബഹിരാകാശ നിലയം നിര്‍മിക്കാന്‍ ശേഷിയുണ്ട്;രാജ്യം തീരുമാനിച്ചാല്‍ പദ്ധതി നടപ്പാക്കാൻ തയ്യാറെന്ന് ഐഎസ്ആർഒ.

single-img
21 February 2017

ഇന്‍ഡോര്‍: ഇന്ത്യയ്ക്ക് സ്വന്തമായി ബഹിരാകാശനിലയം സ്ഥാപിക്കാന്‍ ശേഷിയുണ്ടെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എ.എസ് കിരണ്‍ കുമാര്‍. ഒറ്റത്തവണയായി 104 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി ചരിത്രം സൃഷ്ടിച്ചതിനു തൊട്ടു പിന്നാലെയാണ് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്റെ വെളിപ്പെടുത്തല്‍.എന്നാല്‍ അതിന് ദീര്‍ഘദൃഷ്ടിയോടെയുള്ള പദ്ധതികള്‍ വേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.

ഒരു ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള എല്ലാ ശേഷിയും നമുക്കുണ്ട്. അത്തരമൊരു നിലയത്തിനായി രാജ്യം തീരുമാനിച്ചാല്‍ പദ്ധതി നടപ്പിലാക്കാന്‍ ഐഎസ്ആർഒ തയ്യാറാണ്. തീരുമാനമെടുക്കുക, അതിനാവശ്യമായ ഫണ്ടും സമയവും അനുവദിക്കുക – അത്രമാത്രം ചെയ്താല്‍ മതി അദ്ദേഹം പറഞ്ഞു.രാജാ രാമണ്ണ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്‌നോളജിയുടെ സ്ഥാപകദിന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യരേയും വഹിച്ചുകൊണ്ടുള്ള ബഹിരാകാശ ദൗത്യങ്ങളെകൊണ്ട് എന്താണ് പ്രയോജനം എന്ന് ചിന്തിക്കുന്നത് കൊണ്ടാണ് ഇതിന് കാലതാമസം വരുന്നതെന്നും ദീര്‍ഘകാലാടിസ്ഥാനത്തിലുളള ഒരു പദ്ധതിയെന്ന നിലയില്‍ ചിന്തിച്ചാല്‍ ഉടന്‍ തന്നെയെന്ന തീരുമാനമാകും അഭികാമ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.