അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ നടന്‍ ദിലീപ് മോശമായി സംസാരിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് നടന്‍ സിദ്ധിക്ക്.

single-img
21 February 2017

നടി ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് ചേര്‍ന്ന താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ നടന്‍ ദിലീപ് മോശമായി സംസാരിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് നടന്‍ സിദ്ധിക്ക്. സംഭവത്തിലേക്ക് തന്റെ പേര് വന്നതിനെതിരെ ദിലീപ് പ്രതികരിച്ചു.ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് ഇവര്‍ തന്നോട് ഇങ്ങനെ പെരുമാറുന്നതെന്ന് വൈകാരികമായി ദിലീപ് ചോദിച്ചു. യോഗത്തില്‍ വാക്കു തര്‍ക്കമോ മറ്റ് തരത്തിലുള്ള പ്രശ്‌നങ്ങളോ ഉണ്ടായിട്ടില്ലെന്നും യോഗത്തില്‍ നടിക്ക് എല്ലാ പിന്തുണയും നല്‍കാന്‍ തീരുമാനിച്ചതായും സിദ്ധിക്ക് പറഞ്ഞു.

 
കഴിഞ്ഞ എക്‌സിക്യൂട്ടീവ് യോഗത്തിലെ തീരുമാനപ്രകാരമാണ് യോഗം ചേര്‍ന്നത്. 20ന് രാത്രി സിദ്ധിഖിന്റെ കാക്കനാടുള്ള ഹോട്ടലില്‍ വെച്ചാണ് എക്‌സിക്യൂട്ടീവ് ചേര്‍ന്നത്. അമ്മ പ്രസിഡന്റ് ഇന്നസെന്റ്, മമ്മുട്ടി, ദിലീപ്, മുകേഷ്, സിദ്ധിക്ക്, മണിയന്‍പിള്ള രാജു, നിവിന്‍ പോളി, കുക്കു പരമേശ്വരന്‍, ആസിഫലി,ദേവന്‍,കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
നിര്‍ധനരായ കുടുംബങ്ങള്‍ക്ക് വീടുവെച്ചു നല്‍കാനുള്ള അമ്മയുടെ പദ്ധതി പ്രകാരം ഇതിന്റെ ആദ്യപടിയായി 25 വീടുകള്‍ നിര്‍മിക്കാനും യോഗത്തില്‍ അനുമതിയായി. 100 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്കാനാണ് യോഗത്തില്‍ തീരുമാനമായതെന്നും സിദ്ധിക്ക് പറഞ്ഞു.