പാറ്റൂര്‍ കേസ്: ഉമ്മൻചാണ്ടിയേയും ചീഫ് സെക്രട്ടറിയായിരുന്ന ഇ. കെ. ഭരത് ഭൂഷണിനേയും പ്രതികളാക്കി വിജിലൻസ് കേസെടുത്തു.

single-img
18 February 2017


തിരുവനന്തപുരം: പാറ്റൂരിൽ വാട്ടർ അതോറിട്ടിയുടെ ഭൂമി കൈയേറി ഫ്ളാറ്റ് സമുച്ചയം നിർമ്മിക്കാൻ ഒത്താശ ചെയ്തുവെന്ന പരാതിയിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ചീഫ് സെക്രട്ടറിയായിരുന്ന ഇ. കെ. ഭരത് ഭൂഷണിനേയും പ്രതികളാക്കി വിജിലൻസ് കേസെടുത്തു. ഉമ്മൻചാണ്ടി നാലാം പ്രതിയും ഭരത്‌ഭൂഷൺ മൂന്നാം പ്രതിയുമാണ്. വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസില്‍ ഉമ്മന്‍ ചാണ്ടിയടക്കം അഞ്ച്പ്രതികളുണ്ട്. ഭരണപരിഷ്‌കാര കമ്മീഷന്‍ വി.എസ് അച്യുതാനന്ദനാണ് ഉമ്മന്‍ ചാണ്ടിക്കെതിരെ പരാതി നല്‍കിയത്.
2015 ഡിസംബറിലാണ് വിഎസ് കോടതിയിൽ നേരിട്ടെത്തി ഹർജി നൽകിയത്. ഇവരടക്കം ആറുപേരെ പ്രതിചേർക്കണമെന്നായിരുന്നു വി.എസിന്റെ ആവശ്യം. ഇടപാടിൽ ഉമ്മൻചാണ്ടിക്കും അദ്ദേഹത്തിന്റെ ഓഫീസിനും നേരിട്ട് പങ്കുണ്ടെന്നായിരുന്നു വി.എസിന്റെ ആരോപണം.

പാറ്റൂരിലെ വാട്ടർ അതോറിറ്റിയുടെ സർക്കാർ പുറമ്പോക്കുഭൂമി കൈയേറി ഫ്ളാറ്റ് നിർമ്മിക്കുന്നതിന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഒത്താശചെയ്‌തെന്നാണ് ആരോപണം. ഇതു സംബന്ധിച്ച കേസ് ലോകായുക്തയിലുമുണ്ട്. നിർമ്മാണത്തിലിരിക്കുന്ന ഷാേപ്പിംഗ് മാളിനും പാർപ്പിട സമുച്ചയത്തിനും വേണ്ടി 16.35 സെന്റ് സർക്കാർ ഭൂമി കൈയേറിയെന്നാണ് കേസ്. തങ്ങൾ 12.27 സെന്റ് മാത്രമേ കൈയേറിയുള്ളൂവെന്ന് റിയൽ എസ്റ്റേറ്റ് സ്ഥാപനം പറയുന്നുണ്ടെങ്കിലും 16 സെന്റിലും കെട്ടിടം പണിയാനുള്ളഅനുമതി നഗരസഭയിൽ നിന്ന് നേടിയെടുത്തിട്ടുണ്ട്. റിയൽ എസ്‌റ്റേറ്റ് കമ്പനി ഭൂമി കൈയേറിയതിൽ ഉമ്മൻചാണ്ടിക്ക് പങ്കുണ്ടെന്ന് അന്ന് വിജിലൻസ് എ. ഡി. ജി.പിയായിരുന്ന ഇപ്പോഴത്തെ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് റിപ്പോർട്ട് നൽകിയിരുന്നു.