നടി ഭാവനയെ ആക്രമിച്ചതിനു പിന്നിൽ ഗൂഢാലോചന,പരാതി നൽകില്ലെന്ന പ്രതീക്ഷയിൽ ബ്ലാക്ക് മെയിലായിരുന്നു ലക്ഷ്യമെന്ന് പോലീസ് നിഗമനം

single-img
18 February 2017

കൊച്ചി: നടി ഭാവനയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. രാത്രി ഒമ്പത് മണിക്ക് തൃശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടെ അത്താണിയില്‍ വച്ച് മൂന്നു പേര്‍ നടിയുടെ കാറില്‍ അതിക്രമിച്ച് കയറി ഉപദ്രവിച്ചതായാണ് പരാതി. കാറില്‍ അതിക്രമിച്ചു കയറിയ സംഘം അപകീര്‍ത്തികരമായ വീഡിയോയും ചിത്രങ്ങളും പകര്‍ത്തിയതായും പരാതിയുണ്ട്. മണിക്കൂറുകളോളം നടിയെ കാറിലിട്ട് ഉപദ്രവിച്ച ശേഷം കാക്കനാട്ടാണ് ഭാവനയെ ഇറക്കി വിട്ടത്.നടനും സവിധായകനുമായ ലാലിന്റെ വീടിലേയ്ക്കാണു ഭാവന ഓടിക്കയറിയത്.പിന്നീട് റേഞ്ച് ഐജി വിജയനെ ഫോണിൽ വിളിച്ചു. നടി തന്നെ കാര്യങ്ങളെല്ലാം വിശദീകരിച്ചു. ഇതോടെ കൊച്ചിയിലെ ഉന്നത പൊലീസ് സംഘം ലാലിന്റെ വീട്ടിലേക്ക് പാഞ്ഞെത്തി. നടിയുടെ മൊഴിയെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് ഭാവനയുടെ വാഹനം ഓടിച്ചിരുന്ന കൊരട്ടി സ്വദേശി മാര്‍ട്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാവനയെ ലാലിന്റെ വീട്ടിലെത്തിച്ചതും മാര്‍ട്ടിനാണ്. മറ്റ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പെരുമ്പാവൂര്‍ സ്വദേശി പള്‍സര്‍ സുനി എന്നറിയപ്പെടുന്ന സുനില്‍ കുമാറാണ് മുഖ്യപ്രതി. ഭാവനയുടെ മുന്‍ ഡ്രൈവറായിരുന്നു ഇയാള്‍.

ഹണി ബി 2 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സംഘത്തിലുള്‍പ്പെട്ട ഡ്രൈവറാണ് സുനില്‍. പിടിച്ചുപറി, മോഷണം, ക്വട്ടേഷന്‍ പ്രവര്‍ത്തനം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. സുനിലിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ റൂറല്‍ പോലീസ് മേധാവിയുടെ 9497996979 എന്ന നമ്പറില്‍ അറിയിക്കണം എന്ന് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.

അഞ്ച് പ്രതികളാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത് എന്നാണ് പോലീസ് പറയുന്നത്. സുനിലിന്റെ നിദേശപ്രകാരമാണ് മാര്‍ട്ടിന്‍ ഭാവനയുടെ കാര്‍ ഓടിക്കാന്‍ കഴിഞ്ഞ ദിവസം എത്തിയത്. മാര്‍ട്ടിനും സുനിലും ഉള്‍പ്പെട്ട സംഘം മുന്‍ കൂട്ടി തയ്യാറാക്കിയ പദ്ധതിയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്.