കള്ളും വൈനും ബിയറും മദ്യമല്ലെന്ന് കേരളം സുപ്രീംകോടതിയില്‍

single-img
13 February 2017

തിരുവനന്തപുരം: കള്ള്, ബിയര്‍, വൈന്‍ എന്നിവയെ മദ്യമായി പരിഗണിക്കരുതെന്ന് കേരളം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കള്ളും ബിയറും വൈനും മദ്യമല്ലെന്ന് കേരളം നിലപാട് അറിയിച്ചത്. ഇതേ കാര്യമുന്നയിച്ചുകൊണ്ട് ബെവ്‌കോയും സുപ്രീംകോടതിയെ സമീപിക്കുന്നുണ്ട്.

അതേസമയം ദേശീയ, സംസ്ഥാന പാതയോരത്തെ മദ്യശാലകൾ പൂട്ടുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്യണമെന്ന സുപ്രീം കോടതി വിധി സർക്കാർ അനുസരിക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷണൻ. വിധിയിൽ കൂടുതൽ വ്യക്തത വരുത്താനാണ് സുപ്രീം കോടതിയെ സർക്കാർ വീണ്ടും സമീപിച്ചത്. വിധി ചോദ്യം ചെയ്തല്ല സർക്കാരിന്‍റെ ഹർജിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ദേശീയപാതയോരത്തെ മദ്യവില്‍പ്പനശാലകള്‍ മാറ്റിസ്ഥാപിക്കണമെന്ന സുപ്രീംകോടതി വിധിയില്‍ ബാറുകളും കള്ളുഷാപ്പുകളും അടക്കമുള്ള എല്ലാ മദ്യശാലകളും ഉള്‍പ്പെടുമോ എന്നതാണ് തര്‍ക്ക വിഷയം. നേരത്തെ നിയമസെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് സംസ്ഥാന സര്‍ക്കാരിന് നല്‍കിയ നിയമോപദേശത്തില്‍ ബാറുകളും കള്ളുഷാപ്പുകളുമുള്‍പ്പെടെ എല്ലാ മദ്യശാലകളും ദേശീയ സംസ്ഥാന പാതയോരത്ത് നിന്ന് 500 മീറ്റര്‍ ഉള്ളിലേക്ക് മാറ്റി സ്ഥാപിക്കേണ്ടി വരുമെന്നാണ് പറഞ്ഞത്.

ഇതേ തുടര്‍ന്ന് അഡ്വ.ജനറല്‍ സി.പി.സുധാകര പ്രസാദിനോട് സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. നിയമപരമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഇക്കാര്യത്തില്‍ വ്യക്തത തേടി അഡ്വ.ജനറല്‍ തന്നെ സുപ്രീംകോടതിയെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. നേരത്തെ അസമും പുതുച്ചേരിയും മഹാരാഷ്ട്രയും അടക്കം ഒമ്പത് സംസ്ഥാനങ്ങള്‍ ഇതേ രീതിയില്‍ വിധിയില്‍ വ്യക്തത തേടി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നേരത്തെ ഈ കേസില്‍ വിധി പറഞ്ഞ അതേ ബെഞ്ചിനോട് തന്നെ ഇക്കാര്യം പരിശോധിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരാഴ്ചയ്ക്കകം തന്നെ ജസ്റ്റിസ് ചന്ദ്രചൂഡ് ഉള്‍പ്പെടുന്ന പ്രത്യേക ബെഞ്ച് വിഷയം വിശദമായി പരിശോധിക്കും.