അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കാന്‍ പുതിയ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ട്രംപ്

single-img
12 February 2017

 

വാഷിംഗ്ടണ്‍:കുടിയേറ്റക്കാരെ നിയന്ത്രിക്കാന്‍ പുതിയ എക്‌സിക്യൂട്ടീവ് ഉത്തരവു പുറപ്പെടുവിക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഉത്തരവിറങ്ങുമെന്നാണു സൂചന. ഗ്രീന്‍കാര്‍ഡുള്ളവരെയും സ്ഥിരതാമസക്കാരെയും വിലക്കില്‍ നിന്ന് ഒഴിവാക്കിയുള്ള ഉത്തരവായിരിക്കും പുറപ്പെടുവിക്കുകയെന്ന് കോണ്‍ഗ്രസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു.

അനധികൃതമായി രാജ്യത്തു താമസിച്ചിരുന്ന കുടിയേറ്റക്കാരെ യുഎസ് അധികൃതര്‍ അറസ്റ്റ് ചെയ്തു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണത്തിന്‍കീഴില്‍ ഒരാഴ്ചയിലേറെയായി സംഘടിപ്പിച്ച റെയ്ഡുകളിലാണ് ഇത്രയും ആളുകളെ അറസ്റ്റ് ചെയ്തത്. ലോസ് ആഞ്ചലസ്, ന്യുയോര്‍ക്ക്, ഷിക്കാഗോ, അറ്റ്ലാന്റ, മറ്റു പ്രധാന നഗരങ്ങള്‍ എന്നിവിടങ്ങളിലാണ് റെയ്ഡുകള്‍ സംഘടിപ്പിച്ചത്. റെയ്ഡും അറസ്റ്റുകളും രാജ്യവ്യാപകമായി ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്.

ലോസാഞ്ചല്‍സില്‍ നിന്ന് മാത്രം 160ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ 75 ശതമാനവും മുമ്പ് കൊടിയ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടതിന് അറസ്റ്റിലായവരാണെന്നും കുറച്ച് പേര്‍ മാത്രമാണ് രേഖകളില്ലാത്തതിന് പിടിയിലായതെന്നും പൊലീസ് അറിയിച്ചു. രേഖകളില്ലാത്ത 37 പേരെ വെള്ളിയാഴ്ച രാത്രി മെക്സിക്കോയിലേക്ക് തിരിച്ചയച്ചിരുന്നു.

ഏഴു മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് യുഎസില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ ജനുവരി 27 ലെ എക്സിക്യൂട്ടീവ് ഉത്തരവിനെതിരേ സിയാറ്റില്‍ കോടതി പുറപ്പെടുവിച്ച വിധി സാന്‍ഫ്രാന്‍സിസ്‌കോ അപ്പീല്‍ കോടതി വ്യാഴാഴ്ച ശരിവച്ചത് ട്രംപിനു തിരിച്ചടിയായിരുന്നു. സുപ്രീംകോടതിയില്‍ അപ്പീല്‍ പോയാല്‍ വിജയസാധ്യത കുറവായ സാഹചര്യത്തിലാണ് വീണ്ടും എക്സിക്യൂട്ടീവ് ഉത്തരവ് ഇറക്കുന്നതെന്നാണു സൂചന.