ദേശീയഗാനം പാടിയാല്‍ ദേശസ്‌നേഹമുണ്ടാവില്ല,ദേശസ്നേഹം ഹൃദയത്തിലാണ്; കോടതികളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന ഹരജി തള്ളി ഹൈക്കോടതി

single-img
8 February 2017

 

 

 

 

അലഹബാദ്: കോടതികളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന ഹരജി തള്ളി അലഹബാദ് ഹൈക്കോടതി. ഹൈക്കോടതിയിലും ജില്ലാ കോടതികളിലും ട്രിബ്യൂണല്‍ കോടതികളിലും എല്ലാ ദിവസവും ദേശീയഗാനം ആലപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹരജിയാണ് ഹൈക്കോടതി തള്ളിയത്. എല്ലാ ദിവസവും കോടതി തുടങ്ങുന്നതിന് മുന്‍പായി ദേശീയഗാനം ആലപിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. എന്നാല്‍ ഈ ആവശ്യത്തെയാണ് കോടതി രൂക്ഷമായി വിമര്‍ശിച്ചത്.

 

ദേശീയഗാനം ദേശസ്‌നേഹം പ്രകടമാക്കുന്ന ഒന്നാണെന്നതില്‍ സംശയമില്ല. എന്നാല്‍ ദേശസ്‌നേഹം ഒരു രാഷ്ട്രീയപാര്‍ട്ടിയിലും അധിഷ്ഠിതമായ ഒന്നല്ല. ഒരാള്‍ക്ക് അവരുടെ മാതൃരാജ്യത്തോട് സ്വാഭവികമായും സ്‌നേഹവും ബഹുമാനവും ഉണ്ടാകും. എന്നാല്‍ കോടതിമുറിക്കുള്ളില്‍ നിന്നുകൊണ്ട് എല്ലാദിവസവും ദേശീയഗാനം പ്രകടിപ്പിക്കേണ്ടതാണോ രാജ്യസ്‌നേഹമെന്ന് കോടതി ചോദിച്ചു. നിയമങ്ങള്‍ വഴി മാത്രമല്ല ഹൈക്കോടതി മുന്നോട്ട് പോകുന്നത്. ആഴത്തിലുള്ള ഒരു പാരമ്പര്യം ഇതിനുണ്ട്. ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷവും ഭരണഘടന നിലവില്‍ വന്ന ശേഷവും നടന്നുപോകുന്ന ഒരു വ്യവസ്ഥ നിലവിലുണ്ട്.

 

ദേശീയഗാനം കോടതിമുറിക്കുള്ളി്ല്‍ പാടുക എന്നൊരു നിയമം നിലവിലില്ല.സുപ്രീം കോടതിയില്‍ പോലും അങ്ങനെയൊരു കീഴ് വഴക്കമില്ല. ദേശീയഗാനത്തെ ആദരിക്കണം,എന്നാല്‍ ഏതൊരു ഔദ്യോഗിക ചടങ്ങിന് മുന്‍പും ദേശീയഗാനം പാടണമെന്നും അത് നിര്‍ബന്ധമാണെന്നുമുള്ള നിയമം ഇല്ല. ഹൈക്കോടതികളില്‍ മാത്രമല്ല മറ്റ് കോടതികളിലും ദേശീയഗാനം നിര്‍ബന്ധമാക്കേണ്ട ഒരു സാഹചര്യവും നിലവിലില്ല. പ്രാര്‍ത്ഥന എന്ന് പറയുന്നത് ആത്മീയതയ്ക്കും സ്വയ അച്ചടക്കത്തിന് വേണ്ടിയും മനശുദ്ധിക്കും വേണ്ടി ഓരോരുത്തരും ചെയ്യുന്നതാണ്. അത് മതത്തില്‍ അധിഷ്ഠിതമാണ്. വ്യക്തിപരമായ വിശ്വാസം മാത്രമാണ് അത്.ആരാധനയേക്കാള്‍ അത്യാവശ്യം പ്രവര്‍ത്തിയാണെന്നും കോടതി നിരീക്ഷിച്ചു. കോടതികളില്‍ ദേശീഗാനം എല്ലാ ദിവസവും പാടുന്നതില്‍ നിന്നും ഭരണഘടനയില്‍ ആദരവ് ഉണ്ടായിക്കൊള്ളണമെന്നില്ലെന്നും കോടതി വ്യക്തമാക്കി.