ഗംഗാ നദി ഇതുവരെ ശുദ്ധികരിച്ചിട്ടില്ല, പ്രധാനമന്ത്രിയുടെ ‘നമാമി ഗംഗാ പദ്ധതി’ എങ്ങനെയാണ് നടപ്പാക്കുന്നതെന്ന് ഹരിതാ ട്രൈബൂണല്‍

single-img
7 February 2017

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഗംഗാ ശുചീകരണ പദ്ധതിക്കെതിരെ ദേശീയ ഹരിത ട്രൈബ്യൂണല്‍. പദ്ധതി പൂര്‍ണ പരാജയമാണെന്നാണ് ട്രൈബ്യൂണല്‍ അഭിപ്രായപ്പെട്ടത്. ഗംഗയിലെ ഒരു തുള്ളി ജലം പോലും ഇതുവരെ ശുദ്ധീകരിച്ചിട്ടില്ലെന്നും പദ്ധതിയുടെ പേരില്‍ പൊതു പണത്തിന്റെ ദുര്‍വ്യയമാണ് നടക്കുന്നതെന്നും ട്രൈബ്യൂണല്‍ കുറ്റപ്പെടുത്തി.

‘നമാമി ഗംഗാ പദ്ധതി’ എന്ന പ്രധാനമന്ത്രിയുടെ സ്വപ്‌ന പദ്ധതിയെ എങ്ങനെയാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍ വിശദീകരിക്കണം. പരസ്പരം പഴിചാരുന്ന നാടകം കേന്ദ്രസര്‍ക്കാരും ഉത്തര്‍പ്രദേശ് സര്‍ക്കാരും അവസാനിപ്പിക്കണമെന്നും ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു. ‘പ്രധാനമന്ത്രി നിങ്ങള്‍ക്കൊരു ലക്ഷ്യം തന്നിരിക്കുന്നു, ദേശീയ പദ്ധതിയായി അതിനെ കണക്കിലെടുക്കൂ’ എന്നാണ് എന്‍ജിടി ചെയര്‍പേഴ്‌സണ്‍ ജസ്റ്റീസ് സ്വതന്ത്ര കുമാര്‍ തലവനായ ബെഞ്ച് പറഞ്ഞത്.

ഗംഗയെ മലിനമാക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിട്ടും അതിന് തയ്യാറാകാത്ത 14 വ്യവസായ സ്ഥാപനങ്ങള്‍ക്കും ട്രൈബ്യൂണല്‍ മുന്നറിയിപ്പ് നല്‍കി. അത്തരത്തിലുള്ള എല്ലാ കമ്പനികള്‍ക്കും എന്തുകൊണ്ട് അടച്ചുപൂട്ടിയില്ല എന്ന് ചോദിച്ച് കാരണം കാണിക്കല്‍ നോട്ടീസ് അയക്കും. എത്രയും പെട്ടെന്ന് അടച്ചുപൂട്ടണം. ഉത്തരവ് നടപ്പാക്കാത്തതില്‍ വിശദീകരവും നല്‍കണം. അല്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ട്രൈബ്യൂണല്‍ താക്കീത് നല്‍കി.

ഗംഗാ നദിയിലേക്ക് മാലിന്യങ്ങള്‍ തള്ളുന്ന ഒരാഴ്ച്ചക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് ബെഞ്ചിന്റെ ആവശ്യം. കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ‘ഗംഗ റിവര്‍ ബേസിന്‍ അതോറിറ്റി’യാണ് വിവിധ സംസ്ഥാനങ്ങളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ‘നമാമി ഗംഗാ’ പദ്ധതി നടപ്പാക്കുന്നത്. ഗംഗാ ശുചീകരണത്തിനായി കേന്ദ്രസര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത് രണ്ടായിരം കോടി രൂപയും. 30 വര്‍ഷത്തിനിടെ ഗംഗാ ശുചീകരണത്തിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. 1985നുശേഷം ഗംഗാ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി 4000 കോടിയിലേറെയാണ് ചിലവഴിച്ചിട്ടുള്ളത്.